ഹൈദരാബാദ്: കർഷകരുടെ സമര പോരാട്ടത്തിന്‍റെയും ത്യാഗങ്ങളുടെയും ഓർമ പുതുക്കി ഇന്ന് ദേശീയ കർഷക ദിനം അഥവാ കിസാൻ ദിവസ്. വിവാദ കാർഷിക നിയമങ്ങൾ നരേന്ദ്ര മോദി സർക്കാരിനെ കൊണ്ട് പിൻവലിപ്പിച്ച സമര പോരാട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ കർഷക ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
ഏകദേശം ഒരു വർഷത്തോളമാണ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കർഷകർ ഡൽഹിയിലെ കൊടും തണുപ്പിലും കൊവിഡ് മഹാമാരിയിക്കിടയിലും കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചത്. പോരാട്ടം വിജയം കാണുന്നതിന് മുൻപേ കൊടുംതണുപ്പിൽ പിടിച്ചുനിൽക്കാനാകാതെ ജീവൻ വെടിഞ്ഞത് 500ലധികം കർഷകരാണ്.
കർഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ അവതരിപ്പിച്ച ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ ചരൺസിങ്ങിന്‍റെ ജന്മദിനമാണ് ദേശീയ കർഷകദിനമായി ആചരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ നൂർപൂർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിൽ 1902 ഡിസംബർ 23നാണ് ചൗധരി ചരൺ സിങ് ജനിച്ചത്.
ദേശീയ കർഷക ദിനം- ചരിത്രം
1979-1980 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. തന്‍റെ ഭരണകാലത്ത് വിവിധ ഭൂപരിഷ്‌കരണ നയങ്ങളിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ ചെറുതല്ല. 1962-63 കാലഘട്ടത്തിൽ ചരൺ സിങ്, കൃഷി, വനം മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാർഷിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളിൽ പ്രധാനപ്പെട്ടതാണ് കടം വീണ്ടെടുക്കൽ ബിൽ 1939. അക്കാലത്ത് കടക്കെണിയിൽ മുങ്ങിയ കർഷകർക്ക് കടം വീണ്ടെടുക്കൽ ബിൽ വലിയ ആശ്വാസമായിരുന്നു.
ചരൺ സിങ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ പ്രാബല്യത്തിൽ വന്ന 1960ലെ ലാന്‍റ് ഹോൾഡിങ് ആക്‌ട് അദ്ദേഹത്തിന്‍റെ മറ്റൊരു കർഷക സൗഹൃദ സംരംഭമായിരുന്നു. വ്യക്തിഗത ഭൂവുടമകൾക്ക് പരിധി നിശ്ചയിക്കുന്നതു വഴി സംസ്ഥാനത്ത് തുല്യത കൊണ്ടുവരുന്നതായിരുന്നു ഈ നിയമം. 1950ലെ ജമീന്ദാരി നിർത്തലാക്കൽ നിയമത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ചൗധരി ചരൺ സിങ് 1980 ജനുവരി 14ന് അന്തരിച്ചു. 2001 മുതൽ സർക്കാർ അദ്ദേഹത്തിന്‍റെ ജന്മദിനം കിസാൻ ദിവസ് അല്ലെങ്കിൽ ദേശീയ കർഷക ദിനമായി ആചരിക്കുന്നു.