ന്യൂഡൽഹി: പുത്തൻ പ്രതീക്ഷകളോടെ 2024 നെ വരവേറ്റ് ലോകം. മധ്യ പസഫിക്കിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി പതിവ് തെറ്റിക്കാതെ പുതുവർഷത്തിലേക്ക് ആദ്യം ചുവടുവയ്ക്കുന്ന രാജ്യമായി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ തന്നെ കിരിബാത്തി 2024നെ വരവേറ്റിരുന്നു. ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന കിരിബാത്തിയിൽ 1.2 ലക്ഷത്തോളം മാത്രമാണ് ജനസംഖ്യ. (Kiribati Becomes First Nation to Welcome 2024)
കിരിബാത്തിയ്ക്കൊപ്പം ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്താറ്. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ക്രമത്തിൽ രാജ്യങ്ങളിൽ പുതുവർഷമെത്തും.
അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളായ ഹൗലാൻഡ്, ബേക്കർ ദ്വീപുകളായിരിക്കും 2024 നെ ഏറ്റവും അവസാനം സ്വാഗതം ചെയ്യുക. ഇന്ത്യൻ സമയം തിങ്കളാഴ്‌ച വൈകുന്നേരം 5.30 നാണ് ഇവിടെ പുതുവർഷമെത്തുക.
വിസ്‌മയമായി ഹോങ്കോങ്ങിലെ പുതുവർഷാഘോഷം: പുതുവർഷത്തോടനുബന്ധിച്ച് ഹോങ്കോങ് സ്‌കൈലൈനിൽ നടന്ന ആഘോഷ പരിപാടികൾ ഇക്കുറിയും ജനശ്രദ്ധയാകർഷിച്ചു. ഹോങ്കോങ്ങിൽ ഇന്നോളം നടന്നതിൽവച്ച് ഏറ്റവും വലിയ പുതുവർഷാഘോഷ പരിപാടിയാണ് ഇന്ന് നടന്നത്.
കരിമരുന്ന് പ്രയോഗവും ലേസർ ഷോകളും സംഗീത നിശകളുമടക്കം ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കും വിധമാണ് ഹോങ്കോങ് ടൂറിസം ബോർഡ് ആഘോഷ പരിപാടികൾ അണിയിച്ചൊരുക്കിയത്. 1300 മീറ്റർ ദൂരത്തില്‍, 12 മിനിറ്റ് നീണ്ടുനിന്ന ആഘോഷമാണ് നടന്നത്.
2008-ലെ ബീജിങ് ഒളിമ്പിക് ഗെയിംസിന്‍റെ ഫയർ വർക്ക് പ്രോജക്‌ട് ചീഫും ഫയർ വർക്ക് ഓപ്പറേഷൻ ഡയറക്‌ടറുമായ ലിയു ലിൻ ആണ് ഹോങ്കോങ്ങിലെ പുതുവര്‍ഷാഘോഷങ്ങൾക്ക് ഫയർ വർക്ക് കൊറിയോഗ്രാഫി ഡിസൈൻ ചെയ്‌തത്. ഹോങ്കോംഗ് ന്യൂ ഇയർ കൗണ്ട്‌ഡൗൺ ആഘോഷങ്ങൾ ഏഷ്യയിലെ ഏറ്റവും ആകർഷകമായ പുതുവർഷ പരിപാടികളിൽ ഒന്നാണ്.
പതിനായിരക്കണക്കിനാളുകൾ കൗണ്ട്ഡൗൺ പരിപാടികൾ കാണാൻ മാത്രം ഹോങ്കോങ്ങിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഹോങ്കോങ്ങിലെ പുതുവത്സരാഘോഷം ഓൺലൈനിലും തരംഗമാകാറുണ്ട്. പല മുൻനിര മാധ്യമങ്ങളും ഹോങ്കോങ്ങിലെ പുതുവർഷാഘോഷങ്ങൾ തത്സമയം സംപ്രേഷണം ചെയ്‌തു.