ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദുൽഖർ സൽമാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത' (King of Kotha) തിയേറ്ററുകളില്‍ എത്തിയത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഓഗസ്‌റ്റ് 24ന് മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.
ദുൽഖര്‍ നായകനായ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‌മി (Aishwarya Lekshmi), ഷബീർ കല്ലറക്കൽ (Shabeer Kallarakkal), പ്രസന്ന (Prasanna), ഗോകുൽ സുരേഷ് (Gokul Suresh) എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ഞായറാഴ്‌ച എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം കലക്‌ട് ചെയ്‌തത് രണ്ട് കോടി രൂപയാണ്. ആദ്യ വാരാന്ത്യത്തിൽ 13.5 കോടി രൂപയും 'കിംഗ് ഓഫ് കൊത്ത' സ്വന്തമാക്കി. പ്രദര്‍ശന ദിനത്തില്‍ 6.85 കോടി രൂപയാണ് ചിത്രം നേടിയത്.
അതേസമയം 5.6 കോടി രൂപയാണ് ആദ്യ ദിനത്തില്‍ 'കിംഗ് ഓഫ് കൊത്ത'യുടെ മലയാളം പതിപ്പ് മാത്രം കലക്‌ട് ചെയ്‌തത്. സിനിമയുടെ തെലുഗു പതിപ്പ് 85 ലക്ഷം രൂപയും തമിഴ് പതിപ്പ് 40 ലക്ഷം രൂപയുമാണ് പ്രദര്‍ശന ദിനത്തില്‍ നേടിയത്. പ്രദര്‍ശനത്തിന്‍റെ രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 2.6 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാം ദിനത്തില്‍ 2.05 കോടി രൂപയും നാലാം ദിനത്തില്‍ രണ്ട് കോടി രൂപയും 'കിംഗ് ഓഫ് കൊത്ത' സ്വന്തമാക്കി.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന സംരംഭമായ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറെർ ഫിലിംസും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിച്ചത്. 2021 ജൂലൈയിൽ പ്രഖ്യാപിച്ച ചിത്രം, ഓണം റിലീസായി 2023 ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പവര്‍ ആക്ഷൻ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
രാജു അഥവാ രാജു മദ്രാസി എന്ന കൊത്ത രാജേന്ദ്രന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ രാജുവിന്‍റെ പ്രണയിനിയായ താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്‌മിയും എത്തുന്നു. ഗ്യാങ്‌സ്‌റ്റര്‍ കണ്ണന്‍ ഭായ് എന്ന കഥാപാത്രത്തെ ഷബീര്‍ കല്ലറയ്‌ക്കലും അവതരിപ്പിക്കുന്നു.
നിർമാതാവ് എന്ന നിലയിൽ 'കിംഗ് ഓഫ് കൊത്ത'യെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു വാര്‍ത്ത ഏജന്‍സിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഇന്ന് ആളുകൾ തിയേറ്റർ അനുഭവം തേടുന്നു. മലയാളത്തിൽ ഞങ്ങൾ അത്തരം വ്യക്തിപരവും യഥാർഥവുമായ കഥകൾ പറയുന്നു.. നിങ്ങൾ ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കേണ്ടതുണ്ട്. അവർ വന്ന് ആഘോഷിക്കണം. അത് സാങ്കേതികമായി മികച്ചതും ദൃശ്യപരമായി അതിശയിപ്പിക്കുന്നതും ആയിരിക്കണം.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.