ബിലാസ്‌പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പുരുഷനൊപ്പം സ്വമേധയാ ഇറങ്ങിപ്പോയാല്‍ തട്ടിക്കൊണ്ടുപോകലായി കണക്കാക്കാനാകില്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി. 2017 മെയ് 12 ന് കാസ്‌ഡോൾ പ്രദേശത്ത് നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ ജയിലില്‍ കഴിയുന്ന അനിൽ റാത്രെയുടെ ശിക്ഷ കോടതി റദ്ദാക്കി. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Also Read: വിദ്യാർഥിയുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
എന്നാല്‍ 2018 മെയ് 6 ന് പെൺകുട്ടിയെ കണ്ടെത്തി. എന്നാല്‍ ഇതിനകം കുട്ടി റാത്രെയെ വിവാഹം ചെയ്യുകയും ഇരുവര്‍ക്കും കുഞ്ഞുണ്ടാവുകയും ചെയ്തിരുന്നു. ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നുമാണ് കുട്ടി കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലോദബസാറിലെ കീഴ്‌ക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.