ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ പിന്തുണയ്‌ക്കുമെന്നും നടന്‍ കിച്ച സുദീപ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് കന്നഡ സൂപ്പര്‍താരം അറിയിച്ചു. താന്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ ബിജെപി തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ഇപ്പോള്‍ താനവരെ പിന്തുണയ്‌ക്കുമെന്നും കിച്ച സുദീപ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ബൊമ്മെ സാറിന് പൂര്‍ണ പിന്തുണ: 'ഞാന്‍ ബൊമ്മെ സാറിനെ പൂര്‍ണമായി പിന്തുണയ്‌ക്കുന്നു. പക്ഷേ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാഷ്‌ട്രീയത്തില്‍ ഇറങ്ങുകയുമില്ല. എനിക്ക് പൂര്‍ത്തിയാക്കാന്‍ സിനിമകളുണ്ട്. അതില്‍ എന്‍റെ ആരാധകര്‍ സന്തോഷിക്കും. പണത്തിന് വേണ്ടി തനിക്ക് രാഷ്‌ട്രീയത്തിലേക്ക് വരേണ്ട കാര്യമില്ലെന്നും അത് സമ്പാദിക്കാന്‍ മറ്റു വഴികളുണ്ടെന്നും സൂപ്പര്‍താരം പറഞ്ഞു. എനിക്ക് ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നാല്‍ ഞാന്‍ ഒരു തീരുമാനം എടുക്കും. പ്രഖ്യാപനം നടത്തുകയും തുടര്‍ന്ന് മത്സരിക്കുകയും ചെയ്യും.
ബിജെപിയുടെ പ്രത്യയശാസ്‌ത്രത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പൗരനെന്ന നിലയില്‍ പ്രധാനമന്ത്രി മോദി എടുത്ത ചില തീരുമാനങ്ങളെ ഞാന്‍ പൂര്‍ണമായും മാനിക്കുന്നു. പക്ഷേ അത് എന്‍റെ കാഴ്‌ചപ്പാടാണ്. എന്നാല്‍ ഇന്ന് ഇവിടെ ഇരിക്കുന്നതുമായി അതിന് യാതൊരു ബന്ധവുമില്ല, സുദീപ് പറഞ്ഞു.
ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ല: അതേസമയം കിച്ച സുദീപ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. അദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും പെടുന്നില്ല. അദ്ദേഹം എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. എനിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നതിനര്‍ഥം അദ്ദേഹം പാര്‍ട്ടിയെ(ബിജെപി) പിന്തുണയ്‌ക്കുന്നു എന്നാണ്, ബൊമ്മെ പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് കിച്ച സുദീപ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. താന്‍ ഭാരതീയ ജനത പാര്‍ട്ടിക്ക് വേണ്ടി മാത്രമേ പ്രചാരണം നടത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും: മുന്‍പ് ഏത് പാര്‍ട്ടി എന്നെ വിളിച്ചാലും താന്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഞാന്‍ ഒരു പാര്‍ട്ടിക്കു വേണ്ടിയും മത്സരിക്കില്ല. എന്നാല്‍ മത്സരരംഗത്തുളള ചില സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തി പിന്തുണ അറിയിക്കും. രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താതെ കിച്ച സുദീപ് മാധ്യമങ്ങളോട് പറഞ്ഞു.
കന്നഡത്തില്‍ നിരവധി ആരാധകരുളള സൂപ്പര്‍താരമാണ് കിച്ച സുദീപ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്മാരായ കിച്ച സുദീപും ദര്‍ശന്‍ സുഗുദീപയും ബിജെപിയ്‌ക്കായി കാമ്പയിന് ഇറങ്ങുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇവര്‍ക്ക് പുറമെ തെന്നിന്ത്യയില്‍ നിന്നുളള മറ്റു താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു.
നടന് ഭീഷണി കത്തുകള്‍: ബസവരാജ് ബൊമ്മയുടെ സാന്നിദ്ധ്യത്തിലാവും കന്നഡത്തിലെ പ്രധാന താരങ്ങളായ കിച്ച സുദീപും ദര്‍ശനും അംഗത്വം എടുക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ബിജെപി പ്രവേശന വാര്‍ത്തകള്‍ക്ക് പിന്നാലെ കിച്ച സുദീപിന് ഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. നടന്‍റെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നാണ് ഭീഷണി ഉണ്ടായത്. അടുത്തിടെ കന്നഡ സൂപ്പര്‍താരത്തിന്‍റെ മാനേജര്‍ക്കാണ് ഭീഷണി കത്ത് വന്നത്.
സംഭവത്തിന് പിന്നാലെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്‍റെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുളള വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നെങ്കിലും വ്യക്തിപരമായ കൂടിക്കാഴ്‌ചയാണെന്നാണ് ഇരുവരുടെയും ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മേയ് 10നാണ് നടക്കുക. വോട്ടെണ്ണല്‍ മേയ് 13നും.
കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകം: ദക്ഷിണേന്ത്യയില്‍ തങ്ങള്‍ ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകളാണ് ബിജെപിക്കുളളത്. നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിയേയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിനുളള സമയമാണ്. അതേസമയം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കമായാണ് ബിജെപി കര്‍ണാടക തെരഞ്ഞെടുപ്പിനെ കാണുക.
Also Read: ബിജെപിയുടെ 'ഓപ്പറേഷന്‍ താമര '; പരീക്ഷണശാലയായി കര്‍ണാടക, ചരിത്രം ഇങ്ങനെ