ലുധിയാന/ പഞ്ചാബ് : ശ്‌മാശാനത്തിൽ നിന്ന് ദുർമന്ത്രവാദത്തിനായി മൃതദേഹത്തിലെ അസ്ഥികൾ വിൽപ്പന നടത്തിയിരുന്ന അച്ഛനും മകനും പിടിയിൽ. ലുധിയാനയിലെ ഖന്നയിലാണ് സംഭവം. ഖന്നയിലെ ഒരു ശ്‌മശാനത്തിലെ ജീവനക്കാരായ നിർമ്മൽ സിങ്, മകൻ ജസ്‌വീന്ദർ സിങ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ ഐപിസി 297, 381, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മരിച്ചുപോയ 18 വയസുകാരനായ തന്‍റെ മകന്‍റെ അസ്ഥി കാണാനില്ലെന്ന് കാട്ടി റിങ്കു ലഖിയ എന്ന പിതാവ് നൽകിയ പരാതിയിൽ മേലാണ് ഇവർ പിടിയലായത്. 2021 നവംബർ 3 നാണ് റിങ്കുവിന്‍റെ മകൻ മരണപ്പെടുന്നത്. സംസാരത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ചടങ്ങുകൾക്കായി മകന്‍റെ അസ്ഥി ഏറ്റുവാങ്ങാൻ ബന്ധുക്കളോടൊപ്പം എത്തിയ റിങ്കു ശ്‌മശാനത്തിൽ നിന്ന് മകന്‍റെ അസ്ഥി നഷ്ടപ്പെട്ടത് കണ്ട് ഞെട്ടി.
തുടർന്ന് ശ്‌മശാനത്തിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരാതിക്കാരൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നാലെ അസ്ഥി നഷ്‌ടപ്പെട്ടതിന്‍റെ നിജസ്ഥിതി മനസിലാക്കാൻ റിങ്കു ശ്‌മശാനത്തിന്‍റെ മാനേജരായ നിർമ്മൽ സിങ്ങുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഒരു ദിവസം ഒരു യുവാവിന്‍റെ അസ്ഥി ആവശ്യപ്പെടുകയും 50,000 രൂപ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
തുടർന്ന് നിർമ്മൽ സിങ് 27 കാരനായ ഒരു യുവാവിന്‍റെ എല്ലുകളും തലയോട്ടിയും റിങ്കുവിന് കൈമാറി. കൂടാതെ സംഘത്തിന്‍റെ പ്രവർത്തന രീതിയെപ്പറ്റിയും മന്ത്രവാദങ്ങളെ പറ്റിയും റിങ്കുവിനോട് വിശദീകരിക്കുകയും ചെയ്‌തു. ഇതിന്‍റെയെല്ലാം വീഡിയോ റിങ്കു റെക്കോർഡ് ചെയ്യുകയും തെളിവ് സഹിതം ലുഖിയ എസ്എസ്‌പി ഖന്നക്ക് പരാതി നൽകുകയുമായിരുന്നു.
തുടന്ന് പ്രതികളെ കസ്റ്റഡിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ തങ്ങൾ കുറേക്കാലമായി തട്ടിപ്പ് നടത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചു. സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.