ന്യൂഡല്‍ഹി: അപകടം നടന്നിട്ടും നിര്‍ത്താത്തതിനാല്‍ കാറിനാല്‍ വലിച്ചിഴക്കപ്പെട്ട് ഡല്‍ഹിയിലെ കഞ്ചാവാലയില്‍ കൊല്ലപ്പെട്ട അഞ്ജലി അപകടം നടന്ന ദിവസം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന സുഹൃത്ത് നീതിയുടെ മാധ്യമങ്ങളിലൂടെയുള്ള പ്രസ്‌താവന ഗൂഢാലോചനയുടെ ഭാഗമെന്ന് അഞ്‌ജലിയുടെ അമ്മാവന്‍. "നീതിയെ ഇതുവരെ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അഞ്ജലിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ഇപ്പോള്‍ നീതി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അപകടം നടന്നപ്പോള്‍ ആ കാര്യം പൊലീസിനേയോ കുടുംബത്തേയോ അറിയിക്കാനുള്ള മനുഷ്യത്വം അവള്‍ക്കുണ്ടായിരുന്നില്ല. ആ സമയത്ത് അവള്‍ ഭയന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടേയുള്ള പ്രസ്‌താവന അവളുടെ ഗൂഢാലോചനയുടെ ഭാഗമാണ്," അഞ്ജലിയുടെ അമ്മാവന്‍ പറഞ്ഞു.
അഞ്‌ജലിക്ക് മദ്യപിക്കുന്ന സ്വഭാവം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന ദിവസം അഞ്ജലി മദ്യപിച്ചിരുന്നുവെങ്കില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത് കാണിക്കുമായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് നീതി കള്ളം പറയുകയാണെന്നാണ്.
അഞ്ജലിയെ ഇടിച്ച കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ള അഞ്ച് പേര്‍ക്കും വധ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ ഐപിസി 302ാം വകുപ്പും നീതിക്കെതിരെ ഐപിസി 304ാം വകുപ്പും ചുമത്തണമെന്നാണ് ആവശ്യം.
നീതി മാധ്യമങ്ങളോട് പറഞ്ഞത്: മദ്യപിച്ചരുന്നെങ്കിലും അഞ്ജലി ഇരുചക്രവാഹനം ഓടിക്കുകയായിരുന്നുവെന്നാണ് നീതി മാധ്യമങ്ങളോട് പറഞ്ഞത്. മദ്യപിച്ച് വാഹനം ഓടിച്ചത് അവളുടെ തെറ്റാണ്. മദ്യപിച്ചതിന് ശേഷം വാഹനം ഓടിക്കരുതെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അഞ്ജലി കേട്ടില്ല.
കാര്‍ ഇടിച്ചതിന് ശേഷം അഞ്ജലി വാഹനത്തിന്‍റെ വീലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ ഭയപ്പെട്ട താന്‍ അവിടെ നിന്ന് പോയെന്നും സംഭവം ആരോടും പറഞ്ഞില്ലെന്നും നീതി മാധ്യമങ്ങളോട് പറഞ്ഞു.
നീതിയുടെ വാദം അഞ്ജലിയുടെ അമ്മ നിഷേധിക്കുന്നു. നീതിയെ താന്‍ അറിയുകയോ കാണുകയോ ചെയ്‌തിട്ടില്ല. അഞ്ജലി മദ്യപിക്കാറില്ല. മദ്യപിച്ച അവസ്ഥയില്‍ ഒരിക്കലും അവള്‍ വീട്ടില്‍ വന്നിട്ടില്ല. നീതി പറഞ്ഞത് തങ്ങള്‍ വിശ്വിസിക്കുന്നില്ല എന്നും അഞ്ജലിയുടെ അമ്മ പറഞ്ഞു.
മദ്യപിച്ചോ എന്ന് മനസിലാകണമെങ്കില്‍ കൂടുതല്‍ പരിശോധന വേണം: മരണസമയത്ത് അര്‍ധ ദഹനാവസ്ഥയിലുള്ള ഭക്ഷണ പദാര്‍ഥം അഞ്ജലിയുടെ വയറ്റില്‍ ഉണ്ടെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മദ്യപിച്ചോ എന്ന് അറിയണമെങ്കില്‍ ആന്തരിക അവയവങ്ങളില്‍ രാസ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി അഞ്ജലിയുടെ ആന്തരിക അവയവങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
പുതുവത്സര രാവിലാണ് അഞ്ജലി മരണപ്പെടുന്നത്. അപകടം നടന്ന ശേഷം 13 കിലോമീറ്ററോളം കാറിന്‍റെ അടിയില്‍പ്പെട്ട് അഞ്ജലി വലിച്ചിഴക്കപ്പെട്ടു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത് കാറിന്‍റെ അടിയില്‍ കുടുങ്ങി വലിച്ചിഴയ്‌ക്കപ്പെട്ടതിനാല്‍ വാരിയെല്ലുകള്‍ പുറത്ത് വരുന്ന നിലയില്‍ അഞ്ജലിയുടെ മുതുകിന് അപകടം സംഭവിച്ചു എന്നാണ്.
പൊലീസിനെതിരെ വലിയ വിമര്‍ശനം വിഷയത്തില്‍ അഞ്ജലിയുടെ കുടുംബവും ദൃക് സാക്ഷിയും ഉയര്‍ത്തിയിരുന്നു. അപകടം നടന്നത് അറിയിച്ചിട്ടും പൊലീസ് എത്തുന്നതില്‍ വലിയ കാലതാമസം നേരിട്ടു എന്ന് ദൃസാക്ഷി ആരോപിച്ചിരുന്നു. അന്വേഷണം ശരിയായി അല്ല നടക്കുന്നതെന്ന് അഞ്ജലിയുടെ കുടുംബവും ആരോപിച്ചിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരുന്നു.