അമൃത്‌സര്‍: അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ജര്‍ണയില്‍ സിങ്ങ് ബിന്ദ്രന്‍വാലയ്ക്ക് മുദ്രാവാക്യം വിളിച്ച് ഖാലിസ്ഥാന്‍ അനുകൂലവാദികള്‍. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 37-ാം വാര്‍ഷികത്തിലാണ് സംഭവം. സുവര്‍ണ ക്ഷേത്രത്തില്‍ ഒത്തുകൂടിയ നൂറ് കണക്കിന് പേരാണ് മുദ്രാവാക്യം വിളിച്ചത്. ഖാലിസ്ഥാന്‍റെ കൊടികളും ബിന്ദ്രന്‍വാലയുടെ പോസ്റ്ററുകളും കൈയിലേന്തിയായിരുന്നു മുദ്രാവാക്യം വിളികള്‍.
Read more: ഇന്ത്യന്‍ അതിർത്തിയിൽ നിന്ന് സേനയെ മാറ്റി വിന്യസിച്ച് ചൈന
ദംദാമി തക്‌സലിന്‍റെ തലവനായിരുന്ന ബിന്ദ്രന്‍വാല ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെയാണ് കൊല്ലപ്പെടുന്നത്. സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ബിന്ദ്രന്‍വാല ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളെ നേരിടുന്നതിനായി മേജര്‍ ജനറല്‍ കുല്‍ദീപ് ബ്രാറിന്‍റെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടിയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക ഏടായി മാറിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് സൈനിക നടപടിക്ക് അനുമതി നല്‍കിയത്. 1984 ജൂണ്‍ അഞ്ചിന് രാത്രി സുവര്‍ണ ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ബിന്ദ്രന്‍വാല ഉള്‍പ്പടെയുള്ള തീവ്രവാദികളെ വധിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് 83 സൈനികരുടേയും 492 പൗരന്മാരുമാരുടേയും ജീവനാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ നഷ്‌ടമായത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിലേയ്ക്കും പിന്നീട് നടന്ന സിഖ് വിരുദ്ധ കലാപത്തിലേയ്ക്കും നയിച്ചതും ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആയിരുന്നു.