ചണ്ഡീഗഡ്: ബോളിവുഡ് ത്രില്ലറിനെക്കാളും ആവേശകരമായി മാറിയിരിക്കുകയാണ് പൊലീസിന്‍റെ കണ്‍മുന്നില്‍ നിന്നും ഖലിസ്ഥാന്‍ വാതി അമൃത് പാല്‍ സിങ് രക്ഷപെട്ട സംഭവം. അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ ഖലിസ്ഥാന്‍ അനുകൂല മതപ്രഭാഷകന്‍ അമൃത് പാല്‍ സിങിനെ പിടികൂടാന്‍ കഴിഞ്ഞ ശനിയാഴ്‌ച നൂറിലധികം വാഹനങ്ങളിലായാണ് പഞ്ചാബ് പൊലീസും അര്‍ധ സൈനിക സേനയും പിന്തുടര്‍ന്നത്. എന്നാല്‍, അല്‍പ സമയത്തിന് ശേഷം, അമൃത്പാല്‍ രക്ഷപെട്ടുവെന്നും പിടികൂടാനായി ശ്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് പൊലീസ് നല്‍കിയ വിവരം.
ആറിലധികം കൂട്ടാളികളുമായി ഗയിലേയ്‌ക്ക് പോകുകയായിരുന്ന അമൃത്പാല്‍ സിങ് രക്ഷപെട്ടുവെന്നും കൂട്ടാളികള്‍ പിടിയിലായതായും പൊലീസ് അറിയിച്ചു. അമൃത് പാല്‍ സിങ് തന്‍റെ കൈവശമുണ്ടായിരുന്ന പിസ്‌റ്റല്‍, ബുള്ളറ്റുകള്‍, വടിവാള്‍ തുടങ്ങിയവ കാറിന്‍റെ പിന്‍വശത്ത് ഉപേക്ഷിച്ച ശേഷമാണ് കടന്നുകളഞ്ഞത്. തെരച്ചില്‍ പുരോഗമിക്കവെ കഴിഞ്ഞ ദിവസം അമൃത് പാല്‍ സിങിന്‍റെ കാര്‍ ജലന്ദറിലെ മെഹത്‌പൂരില്‍ വച്ച് പൊലീസ് കണ്ടെടുത്തിരുന്നു.
അമൃത് പാല്‍ കടന്നുകളഞ്ഞത് ഇരുചക്രവാഹനത്തില്‍: ജലന്ദറിലെ മെഹത്‌പൂരിലാണ് അവസാനമായി അമൃത് പാലിനെ കണ്ടത്. തന്‍റെ കാര്‍ ഉപേക്ഷിച്ച ശേഷം ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞതെന്ന് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. കേസില്‍ എന്‍ഐഎ ഇടപെടല്‍ ഏത് സമയത്തും പ്രതീക്ഷിക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ലഹരി മരുന്ന് കടത്തുകാരനായ അമൃത് പാലിന്‍റെ സഹോദരന്‍റെ പേരിലാണ് ഖലിസ്ഥാന്‍ വാദിയുടെ വിലക്കൂടിയ കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പഞ്ചാബ് പൊലീസ് വാരിസ് പഞ്ചാബ് ദേ മേധാവി അമൃത് പാല്‍ സിങിനെ പിടികൂടിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേഷ്‌ടാവ് ഇമാന്‍ സിങ് ഖാര, അമൃത് പാലിനായി പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തല്‍കാലം വാറണ്ട് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ വിസമ്മതിച്ച കോടതി വിഷയം മാര്‍ച്ച് 21ന് പരിഗണിക്കാനായി മാറ്റി.
അമൃത് പാലിനെതിരെ മൂന്ന് കേസുകള്‍ കൂടി: അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമണം കൂടാതെ തന്നെ അമൃത് പാല്‍ സിങിനെതിരെ മൂന്ന് കേസ് കൂടി പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് അമൃത് പാലിനെതിരെയുള്ള ആരോപണം. രക്ഷപെട്ട ദിവസം രാത്രി തന്നെ അമൃത് പാലിനെ പിടികൂടിയെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ പടര്‍ന്നിരുന്നു.
എന്നാല്‍, അന്നേ ദിവസം രാത്രി തന്നെ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല, അമൃത് പാല്‍ സിങിനെ പിടികൂടാനായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനാല്‍ സംഭവത്തില്‍ സംശയിക്കുന്ന നാല് പേരെ കഴിഞ്ഞ ദിവസം കനത്ത സുരക്ഷ ഒരുക്കിയാണ് പൊലീസ് ദിബ്രുഗഡിലേയ്‌ക്ക് കൊണ്ടുവന്നത്.
ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു: പഞ്ചാബ് പൊലീസിന്‍റെ 27 അംഗ സംഘം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരുമായി ദിബ്രുഗഡിലെ മോഹന്‍ബാരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. കൂടാതെ സംസ്ഥാനത്ത് ഉടനീളം മാര്‍ച്ച് 19 വരെ നിര്‍ത്തിവച്ച ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ മാര്‍ച്ച് 20 വരെ നീട്ടി. സംഭവം നടന്ന പഞ്ചാബിലെ പ്രാദേശിക അധികാരപരിധിയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്, എസ്‌എംഎസ് സേവനങ്ങള്‍ തുടങ്ങിയവ മാര്‍ച്ച് 20 വരെ നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു.