ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം നിറഞ്ഞാടിയ റിപ്പബ്ലിക് ദിന പരേഡില്‍ സ്‌ത്രീശക്തി പ്രമേയമാക്കി കേരളത്തിന്‍റെ ഫ്ലോട്ട്. സംസ്ഥാനത്തെ നാടന്‍ കലാപാരമ്പര്യവും ബേപ്പൂര്‍ ഉരുവിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഫ്ലോട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. 24 വനിതകളാണ് കേരളത്തെ പ്രതിനിധാനം ചെയ്‌തുകൊണ്ട് ഇത്തവണ പരേഡില്‍ പങ്കെടുത്തത്.
കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയ്‌ക്കൊപ്പം ഗോത്ര നൃത്തവും ഫ്ലോട്ടിലുണ്ടായിരുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഗോത്ര നൃത്തം ഫ്ലോട്ടില്‍ സ്ഥാനം പിടിക്കുന്നത്. സാക്ഷരത മിഷന്‍ പദ്ധതിയും കുടുംബശ്രീ പദ്ധതിയും ഫ്ലോട്ടിന്‍റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. 96-ാം വയസില്‍ സാക്ഷരത പരീക്ഷ ജയിച്ച് 2020ലെ നാരീശക്തി പുരസ്‌കാരം നേടിയ ചേപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മയുടെ പ്രതിമയായിരുന്നു ഫ്ലോട്ടിലെ മുഖ്യ ഘടകം. ഫ്ലോട്ടിന്‍റെ ഏറ്റവും മുന്നിലാണ് കാര്‍ത്ത്യായനി അമ്മയുടെ പ്രതിമ സ്ഥാനം പിടിച്ചത്. മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ഗോത്ര കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരികളാണ് ഗോത്ര നൃത്തമായ ഇരുളനൃത്തം അവതരിപ്പിച്ചത്.
ഡല്‍ഹി നിത്യചൈതന്യ കളരി സംഘത്തിലെ ബി എന്‍ ശുഭ മകള്‍ ദിവ്യശ്രീ എന്നിവര്‍ കളരിപ്പയറ്റും, കണ്ണൂര്‍ പാപ്പിനിശ്ശേരി കുടുംബശ്രീ അംഗങ്ങള്‍ ശിങ്കാരി മേളവും അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ടിന് അംഗീകാരവും പ്രശംസയും ലഭിച്ചിരുന്നു. 2013 ലെ പരേഡില്‍ കേരളം സ്വര്‍ണ മെഡല്‍ നേടി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമായ ഫ്ലോട്ടുകളും പരേഡിനെ വര്‍ണാഭമാക്കി. 2017 മുതല്‍ നടന്നു വരുന്ന അയോധ്യ ദീപോത്സവം ഉത്തര്‍പ്രദേശ് ഫ്ലോട്ടിന് പ്രമേയമാക്കിയപ്പോള്‍ പശ്ചിമബംഗാള്‍ ദുര്‍ഗ പൂജ അടിസ്ഥാനമാക്കിയാണ് ഫ്ലോട്ട് അവതരിപ്പിച്ചത്.
ടൂറിസം സാധ്യതകളും വികസനത്തിന്‍റെ പുതിയ യുഗവും പ്രമേയമാക്കിയാണ് ജമ്മു കശ്‌മീര്‍ പരേഡില്‍ ഫ്ലോട്ട് അവതരിപ്പിച്ചത്.
തങ്ങളുടെ സാംസ്‌കാരിക-ആത്‌മീയ പൈതൃകവും ഗ്രാമീണ വിനോദ സഞ്ചാരവും ചിത്രീകരിച്ചു കൊണ്ടായിരുന്നു ലഡാക്ക് പരേഡില്‍ അണിനിരന്നത്. ലഹരി വിരുദ്ധ ഇന്ത്യ എന്നതാണ് പരേഡില്‍ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന്‍റ പ്രമേയം.