ഭുവനേശ്വർ: ആദിവാസി ക്ഷേമത്തിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പുനടത്തിയ ഒഡിഷ സ്വദേശിയെ ഒഡിഷയിലെത്തി ചോദ്യം ചെയ്യാനൊരുങ്ങി കേരള പൊലീസ്. കോടികളുടെ തട്ടിപ്പ് നടത്തിയതിന് ജർപാഡ ജയിലിൽ കഴിയുന്ന സംബന്ധ് ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടർ ദീപക് കിന്ഡോയെ ആണ് പോലീസ് ചോദ്യം ചെയ്യുക. ഇതിനായി ഡിവൈ എസ് പി അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥർ ഒഡിഷയിലെത്തി. അന്തരിച്ച ഐഎഎസ് ഓഫിസർ ലീവിനസ് കിന്ഡോയുടെ മകനാണ് ദീപക് കിന്ഡോ.
നിരവധി ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ ഒഡിഷ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ വഞ്ചിച്ച സ്ഥാപനങ്ങളിൽ കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസും ഉൾപ്പെടുന്നു. തങ്ങളെ വഞ്ചിച്ചതിന് മുത്തൂറ്റ് ഫിനാൻസ് നൽകിയ പരാതിയിലാണ് കേരള പൊലീസ് ദീപക് കിന്ഡോയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇയാളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് ഒഡിഷയിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാലുടൻ കേരളാ പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും. സിബിഐ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എക്കണോമിക് ഓഫൻസസ് വിങ് (EOW) എന്നീ ഏജൻസികൾ ഇതിനോടകം തന്നെ ദീപക് കിൻഡോയ്ക്കെതിരെയും ഇയാളുടെ കമ്പനിക്കെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. EOW നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ കേരളാ പൊലീസ് ശേഖരിക്കുന്നുണ്ട്.
141.88 കോടി രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾ നൽകിയ കേസിലാണ് സി ബിഐ അന്വേഷണം തുടങ്ങിയത്. സംബന്ധ് ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ എംഡിയും സിഇഒയുമായ ദീപക് കിൻഡോ, അദ്ദേഹത്തിന്‍റെ ഭാര്യ അമൃത കുമാരി ദീക്ഷിത്, കമ്പനിയുടെ മുൻ ഡയറക്ടർ വിനോദ് ഝാ എന്നിവർക്കെതിരെയാണ് അന്വേഷണം. മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്‍റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (മുദ്ര), യൂക്കോ, എസ്‌ബിഐ, കാനറ, ഐഡിബിഐ എന്നീ പൊതുമേഖലാ ബാങ്കുകൾ, നബാർഡ്, സ്‌മോൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ) എന്നീ സ്ഥാപനങ്ങളാണ് കേന്ദ്ര ഏജൻസിക്ക് പരാതി നൽകിയത്.
വിവിധ പൊതുമേഖലാ/സ്വകാര്യ ബാങ്കുകൾ, കേന്ദ്ര/സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വായ്‌പ/ക്രെഡിറ്റ് സൗകര്യങ്ങൾ ലഭിക്കുന്നതിന് സംബന്ധ് ഫിൻസെർവ് അവരുടെ ആസ്‌തി 391 കോടി രൂപയായി പെരുപ്പിച്ചു കാട്ടിയെന്നാണ് ആരോപണം. കമ്പനിയുടെ യഥാർത്ഥ മൂല്യം 140 കോടി രൂപയായിരിക്കെയാണ് ഇതിൽ 250 കോടി രൂപകൂടി ചേർത്ത് കണക്ക് പെരുപ്പിച്ചത്. ഇതുകൂടാതെ കമ്പനി അനധികൃതമായി പണം പിൻവലിക്കുകയും തങ്ങൾക്ക് ലഭിച്ച ഫണ്ട് അജ്ഞാതരായ വ്യക്തികളിലേക്ക് വഴിതിരിച്ചുവിട്ടതായും സിബിഐയുടെ എഫ്‌ഐആറിലുണ്ട്.