ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി (Supreme Court) കേന്ദ്രത്തിന് നോട്ടീസ് അയച്ചു. സാമ്പത്തികമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. പെൻഷൻ വിതരണം ബുദ്ധിമുട്ടിലാണ് എന്ന കാര്യവും കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (Supreme Court send notice to Central Government). കേസ് ഈ മാസം 25ന്( ജനുവരി 25 ) കോടതി വീണ്ടും പരിഗണിക്കും.
ഇന്ത്യൻ ഭരണഘടനയുടെ 131 (Article 131 of the Constitution) അനുസരിച്ചാണ് കേരളത്തിന്‍റെ ഹർജി. "2003 ലെ കേരള ഫിസ്‌കൽ റെസ്‌പോൺസിബിളിറ്റി ആക്‌ട് പ്രകാരം അറ്റ വായ്‌പാപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന്‍റെ "ബജറ്റ് തയ്യാറാക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്‌തതാണ്. എന്നാൽ കേരള സർക്കാറിന്‍റെ സാമ്പത്തിക സ്വയംഭരണ അവകാശത്തിൽ കേന്ദ്ര സർക്കാർ അനിയന്ത്രിതമായ ഇടപെടൽ നടത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു.
അടിയന്തരമായി 26,000 കോടിരൂപ സമാഹരിക്കാനുള്ള അനുമതി നൽകണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിന്‍റെ സാമ്പത്തിക പിരിമുറുക്കത്തെ വേട്ടയാടുന്ന രീതിയിൽ പ്രവർത്തിക്കുന്നത് സംസ്ഥാനത്തെ വലിയ കടബാധ്യതയിലേക്ക് എത്തിക്കും. കൂടാതെ 57,000 കോടിയാേളം രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു.
കടമെടുക്കൽ പരിധി വെട്ടിക്കുറയ്‌ക്കുന്നതിലൂടെ സംസ്ഥാനം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. ഇത്തരം പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനം രക്ഷനേടണമെങ്കിൽ കാലങ്ങൾ എടുക്കും". ഭരണഘടന അനുച്ഛേദങ്ങൾ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണ അവകാശം നൽകുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള വർഷങ്ങളിൽ സംസ്ഥാനങ്ങൾ അവരുടെ ബജറ്റ് തയ്യാറാക്കാനും കൈകാര്യം ചെയ്യാനും ഈ അധികാരങ്ങൾ ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.
2003ലെ ഫിസ്‌കൽ റെസ്‌പോൺസിബിളിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ് ആക്‌ട് സെക്ഷൻ 4-ൽ വരുത്തിയ ഭേദഗതികളിലൂടെ കേന്ദ്ര ധനമന്ത്രാലയം കേരളത്തിന്‍റെ മേൽ നെറ്റ് ബോറോയിംഗ് സീലിംഗ് ( Net Borrowing Ceiling) ഏർപ്പെടുത്തി. അതുവഴി ഓപ്പൺ മാർക്കറ്റ് ഉൾപ്പടെ എല്ലാ സ്രോതസ്സുകളിൽ നിന്നും വായ്‌പയെടുക്കുന്നത് പരിമിതപ്പെടുത്തി. സംസ്ഥാനം നേരിടുന്ന ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.