ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 10,774 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 48 പേര്‍ ഡല്‍ഹിയില്‍ െകാവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 7,25,197 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
സ്ഥിതി ഇനിയും ഗുരുതരമാവുകയാണെങ്കില്‍ തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സൂചന നല്‍കിയിരുന്നു. ആശുപത്രികളിൽ സ്ഥിതി കൂടുതൽ വഷളായാൽ ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലെന്ന് കെജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രായപരിധി മാറ്റിവെച്ച് രാജ്യത്ത് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 45 വയസിന് താഴെയുള്ള 65 ശതമാനത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.
കൂടുതല്‍ വായനയ്‌ക്ക്: കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി