ഹൈദരാബാദ്: ഹൈദരാബാദിന്‍റെ ശാന്തിയും സമാധാനവും തകർക്കാൻ ചില ഭിന്നിപ്പിക്കുന്ന ശക്തികൾ ശ്രമിക്കുന്നുവെന്ന് ടിആർഎസ് നേതാവും പാർട്ടി അധ്യക്ഷനുമായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സംസ്ഥാനത്ത് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാർട്ടികളുടെ പ്രമുഖരും പ്രഗൽഭരുമായ നേതാക്കൾ നഗരത്തിലെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നഗരത്തിൽ നാശം വിതയ്ക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ നാം അത് അനുവദിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌ത് അറിയിച്ചു. പുരോഗമന ചിന്താഗതിയുള്ള ടിആർഎസിനെ പിന്തുണയ്ക്കണമെന്നും വിഭജന ശക്തികളിൽ നിന്ന് ഹൈദരാബാദിനെ രക്ഷിക്കണമെന്നും പൊതുയോഗത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു. ഇതിനെതിരെയാണ് ചന്ദ്രശേഖർ റാവുവിന്‍റെ പരോക്ഷ വിമർശനം. പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് 28-ാമത് നിൽക്കുന്ന സംസ്ഥാനത്തിന്‍റെ മുഖ്യനാണ് അഞ്ചാം സ്ഥാനമുള്ള തെലങ്കാനയ്ക്ക് പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കെസിആർ വിമർശിച്ചു. എന്നാൽ ഒരു സഹമന്ത്രിയെന്ന നിലയിൽ യോഗിയെ സ്വാഗതം ചെയ്യുന്നതായും കെസിആർ പറഞ്ഞു. വിവിധ ദേശീയ നേതാക്കൾ നഗരത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ ഇത് മുനിസിപ്പൽ തെരഞ്ഞെടുപ്പാണോ അതോ ദേശീയ തെരഞ്ഞെടുപ്പാണോയെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ പ്രളയത്തെ തുടർന്ന് കേന്ദ്ര സഹായമായി 1300 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ ധനസഹായമായി 13 രൂപ പോലും തന്നില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം കൊയ്യുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ബിജെപി സംസ്ഥാന വക്താവ് കൃഷ്‌ണ സാഗർ റാവു പ്രതികരിച്ചു. ഡിസംബർ ഒന്നിനാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പർ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിനാണ് വോട്ടെണ്ണൽ.