ദിസ്‌പൂര്‍: അസമിലെ കാസിരംഗ ദേശീയോദ്യാനം തുറന്ന് ഒരു മാസത്തിനകം സന്ദര്‍ശിച്ചവര്‍ പതിമൂവായിരത്തിലധികം. ഒക്‌ടോബര്‍ 21 മുതല്‍ തുറന്ന പാര്‍ക്കില്‍ ഇതുവരെ 13568 പേര്‍ സന്ദര്‍ശനം നടത്തിയതായി പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 21 വരെ സന്ദര്‍ശനം നടത്തിയവരില്‍ ഭൂരിഭാഗവും ആഭ്യന്തര ടൂറിസ്റ്റുകളാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 27 വിദേശികളും സന്ദര്‍ശനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്‌ച 1600 ടൂറിസ്റ്റുകള്‍ കാസിരംഗ സന്ദര്‍ശിച്ചെന്ന് പാര്‍ക്ക് ഡയറക്‌ടര്‍ പി ശിവ്‌കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയാണ് സാധാരണയായി സംസ്ഥാനത്തെ ടൂറിസം സീസണ്‍. മണ്‍സൂണ്‍ കാലവും തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവും കാരണം എല്ലാവര്‍ഷവും മെയ് 1 മുതല്‍ കാസിരംഗ അടച്ചിടാറുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ തന്നെ കാസിരംഗ അടച്ചിട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഒക്‌ടോബര്‍ 21 ന് വീണ്ടും തുറന്നത്. ജിയ ഭറാലി നദിയില്‍ റിവര്‍ റാഫ്‌റ്റിംഗും, ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചിരാഗ് ജില്ലയില്‍ ജംഗിള്‍ ട്രക്കിംങും സഞ്ചാരികള്‍ക്കായി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.