ശ്രീനഗർ: സാധുതയുള്ള യാത്രാരേഖകളുമായി പാകിസ്ഥാനിൽ പോകുകയും തിരികെ കശ്‌മീരിലേക്ക് തീവ്രവാദികൾക്കൊപ്പം ഒളിച്ചുകടക്കുകയും ചെയ്‌ത 17 കശ്‌മീരി യുവാക്കൾ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ തദ്ദേശീയമായി രൂപപ്പെടുന്നതാണെന്ന് ചിത്രീകരിക്കാൻ ഐഎസ്ഐഎസ് സ്വീകരിക്കുന്ന പുതിയ പ്രവർത്തന രീതിയാണ് ഇതെന്ന് ആശങ്ക ഉയർത്തുന്നു.
2015 മുതൽ ധാരാളം യുവാക്കൾ ഉപരിപഠനത്തിനോ ബന്ധുക്കളെ കാണാനോ വിവാഹ ആവശ്യങ്ങൾക്കോ വേണ്ടി പാകിസ്ഥാനിലേക്ക് പോകാൻ യാത്രാ രേഖകൾ വാങ്ങിയതായി അധികൃതർ പറയുന്നു. അടുത്തിടെ ഉന്നത പഠനത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് യുജിസിയും എഐസിടിഇയും നിർദേശം നൽകിയിരുന്നു. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയ ഇന്ത്യക്കാർക്കോ പ്രവാസി ഇന്ത്യക്കാർക്കോ ഇന്ത്യയിൽ ജോലി ചെയ്യുന്നതിനോ ഉപരി പഠനത്തിനോ യോഗ്യതയില്ല എന്ന് യുജിസിയും എഐസിടിഇയും സംയുക്തമായി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
പാകിസ്ഥാനിലേക്ക് പോകുന്ന യുവാക്കളെ ബ്രെയിൻവാഷ് ചെയ്‌ത് അവർക്ക് ആയുധ പരിശീലനം നൽകുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുകയും സ്ലീപ്പർ സെല്ലുകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. പാകിസ്ഥാനിലെ കോളജുകളിലെ എംബിബിഎസ് സീറ്റുകൾ വിറ്റ് തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ ജമ്മു കശ്‌മീർ പൊലീസിന്‍റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) കുറ്റപത്രം സമർപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി പാകിസ്ഥാനിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ഹുറിയത്ത് നേതാക്കളിൽ നിന്നും ശുപാർശ കത്തുക്കൾ എംബസിയിൽ നിന്നുള്ള രേഖകളും സജ്ജമാക്കുന്നതിനായി പ്രത്യേക വിഘടനവാദി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് ജമ്മു കശ്‌മീരിലെ ഉദ്യോഗസ്ഥർ പറയുന്നു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പാകിസ്ഥാനിലെ എല്ലാ ക്രമീകരണങ്ങളും ഈ ഗ്രൂപ്പാണ് ചെയ്യുന്നത്.
പാകിസ്ഥാനിലെ കോളജുകളിൽ പ്രവേശനം നേടാനുള്ള പരീക്ഷ എന്ന് വിശ്വസിപ്പിച്ചാണ് പാകിസ്ഥാനിലെ ഹുറിയത്ത് ഓഫിസിൽ നാഷണൽ ടാലന്‍റ് സെർച്ച് പരീക്ഷയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത്. പരീക്ഷക്ക് ശേഷം വിദ്യാർഥികൾക്ക് ആയുധ പരിശീലനം നൽകി നുഴഞ്ഞുകയറുന്ന ഭീകരർക്കൊപ്പം ജമ്മു കശ്‌മീരിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 17 യുവാക്കളാണ് നിയന്ത്രണ രേഖയിൽ വച്ചോ ഏറ്റുമുട്ടലിലോ കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.