പുൽവാമ (ശ്രീനഗർ): പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. പുൽവാമയിലെ അചാൻ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമയെന്ന ആളാണ് കൊല്ലപ്പെട്ടത്. സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോയ സഞ്ജയ്ക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഞ്ജയെ പുൽവാമ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പുൽവാമയിൽ സൈന്യത്തെ വിന്യസിച്ചു. തീവ്രവാദികളെ പിടികൂടാൻ പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
2022 ഒക്ടോബറിൽ തെക്കൻ കശ്മീരിലെ സോഫിയാൻ ജില്ലയിലെ തോട്ടത്തിലേക്ക് പോകുകയായിരുന്ന ഒരു കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കർഷകനായ പുരൺ കൃഷൻ ഭട്ട് ആണ് അന്ന് മരിച്ചത്. ഇതേ ജില്ലയിൽ നിന്നുള്ള മറ്റൊരു കശ്മീരി പണ്ഡിറ്റായ സുനീൽ പണ്ഡിറ്റ് തീവ്രവാദികളുടെ വെടിയേറ്റ് കഴിഞ്ഞ വർഷം മരിച്ചിരുന്നു.
കൊല്ലപ്പെട്ട സുനീൽ പണ്ഡിറ്റിന്റെ ഭാര്യ സുനീതയ്ക്ക് ഇന്നലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിയമന കത്ത് നൽകിയിരുന്നു. കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ വർഷം വിവിധ ആക്രമണങ്ങളിൽ ആറോളം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.