ജമ്മു: തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുരന്‍ കൃഷന്‍ ഭട്ടിന്‍റെ വിയോഗത്തില്‍ മുറിവുണങ്ങാതെ ചൗധരി ഗണ്ഡ്. കൃഷന്‍ ഭട്ടിന്‍റെ മരണത്തെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചേക്കാമെന്ന ഭയത്തില്‍ 15 കശ്‌മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങളാണ് ചൗധരി ഗണ്ഡ് വിടാനൊരുങ്ങുന്നത്. 1990കളില്‍ ഇന്ത്യയുടെ പലഭാഗത്ത് നിന്ന് കശ്‌മീരിലേക്കെത്തിയ നൂറോളം കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങളിലുള്‍പ്പെട്ടവരാണ് ഇവര്‍.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15ന് ഷോപ്പിയാൻ ജില്ലയിലെ തറവാട്ട് വീട്ടില്‍ നിന്ന് നട്ട് പരിപാലിക്കുന്ന പൂന്തോട്ടത്തിലെത്തുമ്പോഴാണ് കൃഷന്‍ ഭട്ട് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഒക്‌ടോബര്‍ 16ന് ബന്‍ തലാബ് ഗ്രൗണ്ടില്‍ നടന്ന മരണാനന്തര ചടങ്ങുകള്‍ ഏറെ വൈകാരികമായിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി എത്രയും വേഗം ഇടപെടണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ മക്കളുടെ ജീവനുകള്‍ ഇനിയും പൊലിയുമെന്നുള്ള മുന്നറിയിപ്പും ഇവര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൗധരി ഗണ്ഡിലെ 15 കുടുംബങ്ങള്‍ പ്രദേശം വിടാനൊരുങ്ങുന്നത്.
ജീവനിലുള്ള ഭയമാണ് 15 കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങളെ ജമ്മുവിലെ വീടുകള്‍ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്ന് കൊല്ലപ്പെട്ട പുരന്‍ കൃഷന്‍ ഭട്ടിന്‍റെ ഭാര്യാ സഹോദരന്‍ ടി.കെ ഭട്ട് ഇടിവി ഭാരതിനോട് പ്രതികരിച്ചു. പുരന്‍ കൃഷന്‍ വളരെ നല്ലൊരു വ്യക്തിയായിരുന്നു. അദ്ദേഹത്തെ കൊല്ലപ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കശ്‌മീരിലെ സാധാരണ മുസ്‌ലീംകള്‍ക്ക് പോലും നിലവില്‍ ഇവിടെ ജീവിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് സംവിധാനം തോറ്റുപോയെന്നും അവര്‍ക്ക് കുറ്റവാളികളെ കണ്ടെത്താനായില്ലെന്നും കൃഷന്‍ ഭട്ടിന്‍റെ മറ്റൊരു ബന്ധുകൂടിയായ അശോക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 32 വര്‍ഷത്തോളം കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങളെ സംരക്ഷിച്ചുപോന്നത് സാധാരണ മുസ്‌ലിംകളാണ് അതുകൊണ്ടുതന്നെ ഇതുവരെ പൊലീസ് സുരക്ഷ തേടേണ്ടിവന്നില്ല. എന്നാല്‍ ഭട്ടിന്‍റെ മരണത്തോടെ അയല്‍വാസികള്‍ക്ക് ഇവിടെ ജീവിക്കാന്‍ ഭയമാണെന്നും കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതിനെക്കുറിച്ച് പരസ്‌പരം ഉപദേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.