ബന്ധിപോര : ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാക് വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട കശ്‌മീരി വിദ്യാർഥികളെ മോചിപ്പിക്കണമെന്ന് കുടുംബങ്ങൾ. മാനുഷിക പരിഗണന നൽകി വിദ്യാർഥികളെ വിട്ടയക്കണമെന്നും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വിദ്യാർഥികളുടെ കുടുംബങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു.
രാജ ബാൽവന്ദ് സിങ് എഞ്ചിനീയറിങ് ടെക്‌നിക്കൽ കോളജിലെ വിദ്യാർഥികളെയാണ് രാജ്യ ദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദ്യാർഥികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
READ MORE: ടി-20 ലോകകപ്പ് തോല്‍വി; പാകിസ്ഥാന്‍ വിജയം ആഘോഷിച്ചവര്‍ക്കെതിരെ ദേശവിരുദ്ധ കേസെടുത്ത് യുപി പൊലീസ്
പാകിസ്ഥാന്‍റെ വിജയം സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷിച്ചെന്ന് ആരോപിച്ചാണ് ആർഷിദ് യൂസഫ്, ഇനയത്ത് അൽത്താഫ് ഷെയ്‌ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം വിദ്യാർഥികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയിട്ടില്ലെന്ന് കോളജ് അധികൃതരെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.