ശ്രീനഗർ : മുന്നേറ്റമില്ലാത്ത ഇടങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്‌ത്രീകളുടെ അതിജീവനം ദുസ്സഹമായിരിക്കും. എന്നാല്‍, സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പ്രതികൂലാവസ്ഥകളെ മറികടന്ന് മുന്‍പന്തിയിലെത്തിയ അനേകം പെണ്ണുങ്ങളുണ്ട് ലോകത്ത് അങ്ങോളമിങ്ങോളം. കശ്‌മീരിലുമുണ്ട് അത്തരം പെണ്‍കരുത്തിന്‍റെയൊരു കഥ പറയാന്‍.
പ്രതിസന്ധികളെ സാധ്യതകളാക്കുന്നു : ശ്രീനഗറിന്‍റെ പ്രാന്തപ്രദേശമായ ലാവേ പൊരയിലെ ഗുണ്ട് ഹുസി ഭട്ടിലെ 31 കാരിയാണത്. പേര് തൗഹീദ അക്തര്‍. സാമ്പത്തികമായി നന്നേ പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തിലാണ് ആ യുവതിയുടെ ജനനം. പിതാവ് കൂലിപ്പണിക്കാരനായതിനാൽ കുടുംബച്ചെലവും കുട്ടികളുടെ പഠനവും നടത്തുക എന്നത് അമിതഭാരമായിരുന്നു കുടുംബത്തിന്.
12-ാം ക്ലാസ് വരെ പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് തൗഹീദ പഠിച്ചത്. എന്നാൽ സാമ്പത്തിക പരാധീനതകൾ പഠനം മുടക്കി. കുടുംബത്തെ ദാരിദ്ര്യത്തിന്‍റെ ആഴമേറിയ കയത്തില്‍ നിന്നും കരയ്‌ക്കെത്തിക്കേണ്ടത് അവളുടെ കൂടി ഉത്തരവാദിത്വമായിരുന്നു. കാലതാമസമില്ലാതെ തൊഴില്‍ രംഗത്തേക്ക് ഇറങ്ങാന്‍ പറ്റുന്ന പരിശീലനം തെരഞ്ഞെടുക്കേണ്ട സാഹചര്യം മുന്‍പില്‍ വന്നുനിന്നു.
കൈവയ്‌ക്കുന്നിടത്ത് വിജയം : ഒടുവില്‍ തൗഹീദ, ബെമിന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ തയ്യൽ കോഴ്‌സിന് ചേരുകയും ഒന്നാം സ്ഥാനം നേടുകയുമുണ്ടായി. കൈവയ്‌ക്കുന്നയിടത്തെല്ലാം തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്ന തൗഹീദ അക്‌തറിന് ഉന്നത വിദ്യാഭ്യാസം നേടുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. എങ്കിലും അതെല്ലാം, വീട്ടിലെ മുതിര്‍ന്ന കുട്ടി എന്ന നിലയിൽ പിതാവിനെ സഹായിക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവള്‍ ത്യജിക്കുകയായിരുന്നു,
ബസ് ചാർജ് പോലും നല്‍കാനില്ലാത്തെ ഒരു കാലമുണ്ടായിരുന്നെന്ന് ഒരിറ്റ് കണ്ണീരുപൊഴിക്കാതെ, തൊണ്ടയിടറാതെ അവള്‍ക്ക് പറഞ്ഞുതീര്‍ക്കാനാവില്ല. പക്ഷേ, പതറാതെ സഹോദരങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുമായി തൗഹീദ പ്രാധാന്യം നല്‍കി. നിലയ്‌ക്കാത്ത അഭിനിവേശമില്ലാതെ നിങ്ങൾക്ക് ഒന്നും നേടാനാവില്ലെന്നതാണ് തൗഹീദയ്‌ക്ക്, ജീവിതം പഠിപ്പിച്ചതില്‍ നിന്നും പറയാനുള്ളത്.
കുഞ്ഞ് തൗഹീദ കരകൗശല വസ്‌തുക്കളോട് പ്രത്യേക താത്‌പര്യം കാണിച്ചിരുന്നു. ആ അഭിരുചി കൈവിടാതെ വളര്‍ന്ന അവള്‍ നിര്‍ണായക ഘട്ടത്തില്‍ അത് ജീവിതമാക്കാമെന്ന തീരുമാനത്തിലെത്തി. തയ്യല്‍ പഠനത്തിലെ മികച്ച വിജയത്തിനുശേഷം എംബ്രോയ്‌ഡറി, നെയ്‌ത്ത്, മൈലാഞ്ചി ഇടല്‍ എന്നിവയും സ്വായത്തമാക്കി.
'ഷൈനിങ് സ്റ്റാർ ബൊട്ടീക്കി'ന്‍റെ ജനനം : സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീയാകാൻ തൗഹീദ ആഗ്രഹിച്ചപ്പോള്‍, ജീവിതത്തിലെ വെല്ലുവിളികൾ അത് നേടാനുള്ള അവളുടെ അഭിനിവേശത്തെ ശക്തിപ്പെടുത്തിയെന്നുവേണം പറയാന്‍. 2014-ൽ ശ്രീനഗറിലെ മൈസുമ പ്രദേശത്തെ സൈനബിയ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഒരു മത്സരത്തിൽ പങ്കെടുക്കുകയും അവിടെ നിന്നും തയ്യൽ മെഷീൻ ഒന്നാം സമ്മാനമായി നേടിയതുമാണ് തൗഹീദയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഇതോടെ സ്വന്തമായി, വീട്ടില്‍ തന്നെ ഒരു ചെറിയ ബൊട്ടീക് തുടങ്ങാൻ സാഹചര്യമൊരുങ്ങി. പക്ഷേ, പണം സമ്പാദിക്കുക എന്നത് മാത്രമായിരുന്നില്ല അവളുടെ ലക്ഷ്യം. സ്‌ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യംകൂടി തൗഹീദ പ്രാവര്‍ത്തികമാക്കി. താമസിയാതെ 'ഷൈനിങ് സ്റ്റാർ ബൊട്ടീക്' എന്ന പേരില്‍ തയ്യല്‍ പരിശീലന കേന്ദ്രവും തുടർന്ന് 2018- ൽ ഒരു ഐ.ടി.ഐ പരിശീലന കേന്ദ്രവും ആരംഭിച്ചു.
പിന്നീട്, നാല് തയ്യൽ മെഷീനുകൾ വാങ്ങി. ഇപ്പോള്‍ അത് 35-ലധികം എത്തി നില്‍ക്കുന്നു. 2014 മുതല്‍ ഇതുവരെ 1200 പെൺകുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തൗഹീദയ്‌ക്ക് കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥിനികള്‍ സൗജന്യമായി പരിശീലനം നേടുന്നു. ശിഷ്യരില്‍ നിരവധി പേര്‍ സ്വന്തമായി ബൊട്ടീക്കുകൾ നടത്തുന്നു.
ശിഷ്യരും ഗുരുവിന്‍റെ പാതയില്‍ : ഭിന്ന ശേഷിക്കാര്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ എന്നിങ്ങനെ വ്യത്യസ്‌തരായ ആളുകളും വിദ്യാര്‍ഥികളായുണ്ട്. തൗഹീദയുടെ ബൊട്ടീക്കിൽ നിലവിൽ 35 പേരാണ് ജോലി ചെയ്യുന്നത്. ഷൈനിങ് സ്റ്റാർ സൊസൈറ്റി (എൻ.ജി.ഒ) വഴിയാണ് സൗജന്യ പരിശീലനം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് തൗഹീദ. പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സ്ത്രീകൾക്ക് തയ്യൽ, കട്ടിങ് തുടങ്ങിയവയുടെ പരിശീലനത്തിന്‍റെ യൂട്യൂബില്‍ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നു.
യൂട്യൂബില്‍ നോക്കി വീട്ടിൽ നിന്ന് പഠിക്കുന്ന അനേകം വിദ്യാർഥികളും ഈ ഗുരുവിനുണ്ട്. തൗഹീദ സമൂഹത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ക്ക് അവള്‍ അര്‍ഹയായി. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്‍റെ (എം.എസ്.എം.ഇ) വനിത ബിസിനസ് ട്രോഫി പുരസ്‌കാരം ലഭിക്കുകയുണ്ടായി.
2021 ലെ അന്താരാഷ്ട്ര വനിത ദിനത്തിൽ കശ്‌മീര്‍ ഡിവിഷണൽ കമ്മിഷണർ പാണ്ഡുരംഗ് പോളിന്‍റെ സാന്നിധ്യത്തിൽ തൗഹീദയെ കശ്‌മീര്‍ ലെഫ്റ്റന്‍റ് ഗവർണർ മനോജ് സിൻഹ ആദരിച്ചു. ഷേർ കശ്‌മീര്‍ ഇന്‍റര്‍നാഷണൽ കോൺഫറൻസ് സെന്‍ററും (എസ്.കെ.ഐ.സി.സി) അനുമോദിച്ചു. ഈ വർഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന എമർജിങ് വനിത സംരംഭക അവാർഡും തൗഹീദയ്ക്ക് ലഭിച്ചു.