ശ്രീനഗര്‍: കശ്‌മീരില്‍ ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് കണ്ടെത്തി. N440K എന്നറിയപ്പെടുന്ന വൈറസ് സ്‌ഥിരീകരിച്ച ആദ്യ കേസാണ് കശ്‌മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മുവില്‍ സമാനമായി 28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വൈറസിന്‍റെ ജനിതക വ്യതിയാനം കണ്ടെത്തുന്നതിനായി നിരന്തരം സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നുവെന്ന് ആരോഗ്യ- മെഡിക്കല്‍- വിദ്യാഭ്യാസ- ഫിനാന്‍ഷ്യല്‍ കമ്മിഷണര്‍ അടൽ ഡല്ലൂ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജീനോം പരിശോധനയ്‌ക്കായി 381 സാമ്പിളുകള്‍ അയച്ചില്‍ ഒരു സാമ്പിളിലാണ് വൈറസ് മ്യൂട്ടേഷന്‍ സ്ഥിരീകരിച്ചത്. സമാനമായി ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ജമ്മു ഡിവിഷനിലും, ആന്ധ്രയിലും, മഹാരാഷ്‌ട്രയിലും, തെലങ്കാനയിലും കണ്ടെത്തിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
അതേ സമയം കൊവിഡ് വൈറസിന്‍റെ മൂന്നാം വകഭേദം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നേരത്തേ ബ്രിട്ടനിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഇരട്ട വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
കൂടുതല്‍ വായനയ്‌ക്ക് ; കൊവിഡിന്‍റെ മൂന്നാം വകഭേദം കൂടുതല്‍ അപകടകരമെന്ന് വിദഗ്ധര്‍
24 മണിക്കൂറിനിടെ ജമ്മു കശ്‌മീരില്‍ 1965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ കൊവിഡ് മൂലം മരിച്ചു. നിലവില്‍ 16,904 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 6761 പേര്‍ ജമ്മുവില്‍ നിന്നും, 9333 പേര്‍ കശ്‌മീരില്‍ നിന്നുമാണ്.