ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സ്റ്റാലിനെ അദ്ദേഹത്തിന്‍റെ അച്ഛൻ കരുണാനിധി പോലും വിശ്വസിച്ചിരുന്നില്ല. പിന്നെങ്ങനെ ജനങ്ങൾ വിശ്വസിക്കുമെന്ന് പളനിസ്വാമി ചോദിച്ചു. കരുണാനിധി രോഗാവസ്ഥയിലായ അവസാന വർഷങ്ങളിൽ പോലും സ്റ്റാലിന് പാർട്ടി കൈമാറിയിരുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തിരുവണ്ണാമലൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പളനിസ്വാമി ഇക്കാര്യം പറഞ്ഞത്. പതിനാറാമത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.
6,28,23,749 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ബിജെപി, പിഎംകെ എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നത്. ആകെ 234 സീറ്റിൽ 173 സീറ്റുകളിൽ ഡിഎംകെയും 61 സീറ്റുകളിൽ സഖ്യക്ഷികളും ഇറങ്ങുന്നു. ഡിഎംകെ സഖ്യത്തില്‍ കോൺഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആറ് വീതം സീറ്റുകളിൽ സിപിഐ, സിപിഎം, വിടുതലൈ ചിരുതായ്‌ഗൽ കക്ഷി, വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയുമാണ്.
നടൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം 234ൽ 154 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ആർ ശരത്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ സമതുവ മക്കൾ കക്ഷി, ടി.ആർ പരീവേന്ദറിന്‍റെ ഇന്ദിയ ജനനായക കക്ഷി എന്നിവര്‍ 40 സീറ്റുകളിൽ വീതം എംഎന്‍എമ്മുമായി സഖ്യമുണ്ടാക്കിയും പോരാടുന്നു.