ചണ്ഡീഗഡ്: പന്ത്രണ്ടാം വയസിൽ ലോകത്തിലെ ഏറ്റവും ചെറിയ ആപ്പ് ഡവലപ്പറായി ഗിന്നസ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ കാർത്തികേയ. ജവഹർ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കാർത്തികേയ മൂന്ന് മൊബൈൽ അപ്ലിക്കേഷനുകളാണ് നിർമിച്ചത്. കൊവിഡ് കാലത്ത് ഓണ്‍ലൈൻ ക്ലാസിനായി അച്ഛനാണ് സ്‌മാർട്ട് ഫോൺ വാങ്ങി നൽകിയത്.
എന്നാൽ ക്ലാസിനിടയിൽ ഫോൺ പ്രവർത്തിക്കാതെ വന്നപ്പോൾ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് യൂട്യൂബിൽ തിരഞ്ഞ് അതിനുള്ള പരിഹാരവും കണ്ടെത്തി. ഫോണിലെ സോഫ്‌റ്റ്‌വെയറിലുണ്ടായിരുന്ന പ്രശ്‌നം കാർത്തികേയ തന്നെ പരിഹരിച്ചു. തുടർന്ന് കോഡിങിൽ താത്‌പര്യം തോന്നിയതിനെ തുടർന്ന് സാവധാനം പഠിച്ചെടുക്കുകയായിരുന്നു.
നിലവിൽ പൊതുവിജ്ഞാനം, കോഡിങും ഗ്രാഫിക്‌സും, ഡിജിറ്റൽ വിദ്യഭ്യാസം എന്നീ വിഷയങ്ങളിൽ മൂന്ന് മൊബൈൽ അപ്ലിക്കേഷനുകൾ നിർമിച്ചു. 45,000 പേർക്ക് ഈ അപ്ലിക്കേഷനുകളിലൂടെ സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. സാങ്കേതിക വശങ്ങളിൽ മാത്രമല്ല വിദ്യാഭ്യാസത്തിലും കാർത്തികേയ മുന്നിലാണ്.
അമേരിക്കയിലെ പ്രശസ്‌തമായ ഹാർവർഡ് സര്‍വകലാശാല നടത്തിയ പരീക്ഷയിൽ കാർത്തികേയ സ്‌കോളർഷിപ്പിന് അർഹത നേടിയിരുന്നു. നിലവിൽ ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ കാർത്തികേയയുടെ കഴിവിനെ കുറിച്ച് കേട്ടറിഞ്ഞ് കാർത്തികേയയെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് ഒരുപാടിഷ്‌ടമാണെന്നും ഭാവിയിൽ ഇന്ത്യക്ക് വേണ്ടി സേവനം ചെയ്യുകയാണ് തന്‍റെ ലക്ഷ്യം എന്നും കാർത്തികേയ പറഞ്ഞു.