ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവില്‍ 42കാരിയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബെലഗാവി പൊലീസ് സ്റ്റേഷനിലെ സിഐ വിജയ് കുമാര്‍ സിന്നൂറിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കേസ് അന്വേഷണത്തില്‍ അനാസ്ഥയുണ്ടാതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി (Karnataka woman assault case).
സിറ്റി പൊലീസ് കമ്മിഷണർ എസ്എൻ സിദ്ധരാമപ്പയാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്‌തത്. അതേസമയം കേസില്‍ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡിസംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം. ബെലഗാവിയിലെ ദലിത് സ്‌ത്രീയാണ് മര്‍ദനത്തിന് ഇരയായത് (BJP Criticized Congress).
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് കാമുകിയുമായി ഒളിച്ചോടിയതാണ് യുവാവിന്‍റെ അമ്മ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയാക്കാന്‍ കാരണം. പൂര്‍ണ നഗ്‌നയാക്കി റോഡിലൂടെ നടത്തിയതിന് ശേഷം വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു (Karnataka Woman Assault Case).
ബിജെപി സംഘം ബെലഗാവിയിലേക്ക്: സംഭവത്തിന് പിന്നാലെ ബിജെപി വനിത എംപിമാരായ അഫ്രജിത സാരംഗി, സുനിത ദുഗ്ഗൽ, ലോക്കറ്റ് ചാറ്റർജി, രഞ്ജിത കോലി, ബിജെപി ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവര്‍ ബെലഗാവിയിലെത്തി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത് (Police Inspector Suspended In Belagavi).
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് ബിജെപി എംപി അപ്രജിത സാരംഗി പറഞ്ഞു. സ്ഥലത്തെത്തിയ സംഘം ആക്രമണത്തിന് ഇരയായ സ്‌ത്രീയെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് പൊലീസ് എത്തിയതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അപ്രജിത സാരംഗി പറഞ്ഞു.
ആദിവാസി സ്‌ത്രീകള്‍ക്ക് ഇവിടെ സംരക്ഷണമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി ആശാ ലക്ര പറഞ്ഞു. നിയമസഭ സമ്മേളനം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. എന്നാല്‍ ഇതുസംബന്ധിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് ശബ്‌ദമുയര്‍ത്തിയില്ലെന്നും ലക്ര പറഞ്ഞു. കോണ്‍ഗ്രസ് ദലിതരെ വെറും വോട്ട് ബാങ്കായിട്ട് മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നും ആശ ലക്ര കൂട്ടിച്ചേര്‍ത്തു.
ദേശീയ വനിത കമ്മിഷന്‍ പ്രതികരണം: മര്‍ദനത്തിന് ഇരയായ സ്‌ത്രീയുടെ ആരോഗ്യത്തെ കുറിച്ച് ദേശീയ വനിത കമ്മിഷന്‍ അന്വേഷണം നടത്തി. ചികിത്സയില്‍ കഴിയുന്ന സ്‌ത്രീയുടെ ആരോഗ്യ നിലയെ കുറിച്ചും സംഘം അന്വേഷിച്ചു. സ്‌ത്രീ മര്‍ദനത്തിന് ഇരയായത് ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിത കമ്മിഷന്‍ അംഗം ഡെലീന ഖോങ്കഡുപ്പ് പറഞ്ഞു. ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ജനങ്ങളുടെ ചിന്തഗതികളില്‍ മാറ്റം വരേണ്ടതുണ്ടെന്നും ഡെലീന ഖോങ്കഡുപ്പ് പറഞ്ഞു.