ശിവമോഗ (കർണാടക): ക്ലാസ് മുറിയിൽ ബഹളം വച്ചതിന് വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് അധ്യാപിക. കർണാടക ശിവമോഗയിലെ സര്‍ക്കാര്‍ ഉറുദു സീനിയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. താൻ പറയുന്നത് ശ്രദ്ധിക്കാതെ ബഹളം വച്ച വിദ്യാർഥികളെ അധ്യാപിക 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് പറഞ്ഞ് ശകാരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയെ സ്ഥലംമാറ്റാൻ കർണാടക വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്‌ച ഉത്തരവിട്ടു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29 നാണ് വിവാദ സംഭവം അരങ്ങേറിയത്. പാഠം ശരിയായി കേൾക്കാതെ, ബഹളം വച്ച വിദ്യാർഥികളോട് താൻ പറയുന്നത് ശ്രദ്ധിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. എന്നാൽ അധ്യാപിക പറഞ്ഞത് കേൾക്കാതെ കുട്ടികൾ ബഹളം തുടർന്നതോടെ ആയിരുന്നു ഇവരുടെ 'പാകിസ്ഥാൻ' പരാമർശം.
‘നിങ്ങൾ ഇവിടെ നിൽക്കാതെ പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് പറഞ്ഞാണ് അധ്യാപിക ശകാരിച്ചതെന്നാണ് പരാതി. കുട്ടികളുടെ രക്ഷിതാക്കൾ അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വിവരം അറിഞ്ഞയുടൻ ശിവമോഗ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബിഇഒ) നാഗരാജ് പി സ്‌കൂളിലെത്തിയിരുന്നു.
രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ബിഇഒ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ബിഇഒയോടും ആവശ്യപ്പെട്ടു. തുടർന്നാണ് ബിഇഒ അധ്യാപികയെ ശിവമോഗയിലെ റൂറൽ ഭാഗത്തേക്ക് ശനിയാഴ്‌ച മാറ്റിയത്.
പ്രത്യേക സമിതി രൂപീകരിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ബിഇഒ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സ്‌കൂളിലെത്തിയെന്നും സ്ഥിതിഗതികൾ പരിശോധിച്ചെന്നും ബിഇഒ നാഗരാജ് പി ഇടിവി ഭാരതിനോട് പറഞ്ഞു. അധ്യാപികയുമായി സംസാരിച്ച് അവരുടെ മൊഴിയെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
'കഴിഞ്ഞ ഒമ്പത് വർഷമായി ഈ അധ്യാപിക ഇതേ സ്‌കൂളിലാണ് ജോലി ചെയ്‌തുവരുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത് ഇവരെ മറ്റൊരിടത്തേക്ക് മാറ്റി. ഇവരുടെ ഒഴിവിലേക്ക് മറ്റൊരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്," ബിഇഒ നാഗരാജ് പി കൂട്ടിച്ചേർത്തു.
മത വാചകം എഴുതിയ കുട്ടിയെ തല്ലിയ അധ്യാപകന്‍ പിടിയിൽ: സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയിൽ മത വാചകം എഴുതിയതിന് 10-ാം ക്ലാസ് വിദ്യാർഥിയെ മർദിച്ച് അധ്യാപകന്‍. ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഓഗസ്റ്റ് 25നാണ് വിദ്യാർഥിയുടെ പിതാവ് കുൽദീപ് സിങ് തന്‍റെ മകനെ അധ്യാപകനായ ഫറൂഖ് അഹമ്മദും പ്രിൻസിപ്പാളായ മൊഹദ് ഹഫീസും ചേർന്ന് മർദിച്ചതായി പരാതി നൽകിയത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെയും കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് കത്വ ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് മിനവ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു.
അതേസമയം അധ്യാപകർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ലോക്കൽ എസ്‌എച്ച്‌ഒ സ്‌കൂൾ സന്ദർശിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.