ബെംഗളൂരു: ഉത്തരകന്നടയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നിരവധി ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഞായറാഴ്‌ച വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും ദുരിതബാധിതർക്കെല്ലാം സർക്കാർ സഹായം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് 45 താലൂക്കുകളിലായി 283 ഗ്രാമങ്ങളെയാണ് വ്യാപക മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഏകദേശം 36,498 പേരോളമാണ് ദുരിതബാധിത പ്രദേശങ്ങളിലുള്ളത്.
പത്ത് പേർ മരിച്ചപ്പോൾ രണ്ട് പേരെ കാണാതായിട്ടുമുണ്ട്. വെള്ളപ്പൊക്കം ഇനിയും രൂക്ഷമാകാനുള്ള സാധ്യത മുമ്പിൽക്കണ്ട് എട്ട് എൻഡിആർഎഫ് ടീമുകളെ ഉത്തരകന്നടയിലെ ബെലഗാവിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപുറമെ, അഗ്നിശമന സേനാംഗങ്ങളും നാവികസേന ഹെലികോപ്റ്ററുകളും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Also Read: മഹാരാഷ്‌ട്ര പ്രളയം; 'ഓപ്പറേഷൻ വർഷ 21' വാർ റൂം തുറന്നു