ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടകയിലേക്ക് ഒഴുകുന്നത് കോടികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 10 ദിവസത്തിനുള്ളിൽ കർണാടകയിൽ നിന്ന് ഇതുവരെ പിടികൂടിയത് രേഖകളില്ലാത്ത പണവും കോടികൾ വില വരുന്ന വസ്‌തുക്കളും. പണവും വസ്‌തുക്കളുടെ മൂല്യവും ഉൾപ്പെടെ 100 കോടി രൂപയോളമാണ് ഇതുവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.
മാർച്ച് 29 മുതൽ ഇതുവരെ പിടികൂടിയ കണക്ക് പ്രകാരമാണിത്. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 99,18,23,457 രൂപയുടെ അനധികൃത സാധനങ്ങളാണ് പിടിച്ചെടുത്തത്. 36,80,16,674 രൂപയുടെ കള്ളപ്പണം ഇന്‍റലിജൻസ് സ്‌ക്വാഡും ഫിക്‌സ്‌ഡ് സർവൈലൻസ് ടീമുകളും പൊലീസും ആദായനികുതി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
26,53,97,312 രൂപ വിലമതിക്കുന്ന 5,20,561 ലിറ്റർ മദ്യമാണ് ഇന്‍റലിജൻസ് സ്‌ക്വാഡും നിരീക്ഷണ സംഘവും ചേർന്ന് പിടികൂടിയത്. 2,89,77,410 രൂപ വിലമതിക്കുന്ന 336.81 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം എക്‌സൈസ് വകുപ്പ് 1,062 കേസുകളും 730 മദ്യ ലൈസൻസ് ലംഘന കേസുകളും 38 എൻഡിപിഎസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കർണാടക എക്‌സൈസ് ആക്‌ട് 1965ലെ സെക്ഷൻ 15 (എ) പ്രകാരം 3,385 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് 685 വ്യത്യസ്‌ത തരം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ സംഘവും ഫിക്‌സഡ് ഗാർഡ് ടീമുകളും പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ റെയ്‌ഡിൽ 14,93,92,046 രൂപ വിലമതിക്കുന്ന 34.31 കിലോഗ്രാം സ്വർണവും 17,48,15,643 രൂപ വിലമതിക്കുന്ന 404.60 കിലോഗ്രാം വെള്ളിയും പിടികൂടിയതായി കമ്മിഷൻ അറിയിച്ചു.
പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള വസ്‌തുക്കൾ, ലോഹം, സമ്മാന വസ്‌തുക്കൾ എന്നിവ പിടിച്ചെടുത്ത ഇന്‍റലിജൻസ് സ്ക്വാഡും സ്ഥിര നിരീക്ഷണ സംഘങ്ങളും പൊലീസ് ഉദ്യോഗസ്ഥരും 792 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. 11 ഓളം ആയുധ ലൈസൻസുകൾ റദ്ദാക്കി. സിആർപിസി നിയമപ്രകാരം 2,509 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,227 ജാമ്യമില്ല വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്‌തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കർണാടകയിലേക്ക് ഒഴുകിയ കോടികൾ: ഏപ്രിൽ 1ന് ശിവമോഗ ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത പണവും കോടികൾ വില വരുന്ന അരിയും സാരിയും പിടിച്ചെടുത്തിരുന്നു. രേഖകളില്ലാത്ത 1.40 കോടി രൂപയുടെ കുഴൽപ്പണം റെയ്‌ഡിൽ പൊലീസ് പിടികൂടി. തുംഗ നഗറിൽ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്.
പിടികൂടിയ പണം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയെന്ന് പൊലീസ് പറഞ്ഞു. സാഗർ റൂറൽ പ്രദേശത്ത് നിന്നും 20 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. രേഖകളില്ലാതെ ലോറിയിൽ കടത്തിയ 26 ക്വിന്‍റൽ അരിയും പൊലീസ് പിടികൂടി.
ദൊഡപേട്ട് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗോഡൗണിൽ നിന്ന് 4.50 കോടി രൂപ വില വരുന്ന സാരികളും പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സാരികൾ പിടികൂടിയത്. ഷിമോഗ താലൂക്കിലെ ദേവബാല ഗ്രാമത്തിന് സമീപത്ത് നിന്നും 3,21,939 രൂപയുടെ അനധികൃത മദ്യം എക്‌സൈസ് പിടികൂടി.
മെയ് 10നാണ് കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് ഫലം പ്രഖ്യാപിക്കും.