ബെംഗളുരു: പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചുവെന്ന ആരോപണത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്. ചിക്കമംഗളുരു ജില്ലയിലെ ഗോണിബീഡ് പൊലീസ് സ്റ്റേഷനിൽ വച്ച് മെയ് പത്തിനാണ് യുവാവിന് ദുരനുഭവം ഉണ്ടായതെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷനിൽ വച്ച് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചുവെന്നാണ് ദലിത് യുവാവ് പൊലീസിൽ പരാതി നൽകിയത്. വിഷയത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഡിജിപി പ്രവീൺ സൂദിന് യുവാവ് പരാതി നൽകി.
പൊലീസ് സ്റ്റേഷനിലെത്തിച്ച തന്നെ കയ്യും കാലും കെട്ടിയിട്ട ശേഷം മർദിക്കുകയും ദാഹിച്ചതിനെ തുടർന്ന് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ ദലിത് സമൂഹത്തെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചുവെന്നും യുവാവ് പരാതിൽ ചൂണ്ടിക്കാട്ടി.
പരാതി ലഭിച്ചതിനെ തുടർന്നാണ് യുവാവിനെ കേസ് രജിസ്റ്റർ ചെയ്‌തതെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചിക്കമംഗളുരു എസ് പി അക്ഷയ് എം ഹക്കെ പറഞ്ഞു.
ALSO READ: ജാതി സംഘർഷം; തമിഴ്നാട്ടിൽ രണ്ട് ദലിത് യുവാക്കൾ കുത്തേറ്റ് മരിച്ചു