ബെംഗളൂരു: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ കർണാടകയിലെ ബെംഗളൂരു ഉൾപ്പടെ ഏഴ് നഗരങ്ങളിൽ ശനിയാഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഏപ്രിൽ 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെർച്വൽ മീറ്റിംഗിൽ പങ്കെടുത്ത ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുരഗി, ബിദാർ, തുംകുരു, ഉഡുപ്പി-മണിപ്പാൽ എന്നീ സ്ഥലങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങത. ഉത്സവങ്ങൾ, മേളകൾ, സമ്മേളനങ്ങൾ തുടങ്ങിയവ സർക്കാർ നിരോധിച്ചിട്ടുണ്ട്. അതോടൊപ്പം മാസ്‌ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഏർപ്പെടുത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ കൊവിഡിനെതിരെ പോരാടുമെന്നും അതിൽ വിജയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രേഖപ്പെടുത്തിയിരിക്കുന്നത്.