ബെംഗളുരു: കർണാടക സ്വദേശി പ്രദീപ് മഞ്ജുനാഥ് നായിക് തന്‍റെ കരങ്ങൾ കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ദേശീയഗാനം കേവലം ചോക്ക് കഷ്ണങ്ങളിൽ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഈ അതുല്യ പ്രതിഭ. എസ്‌ഡിഎം കോളജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ പ്രദീപ് ഇപ്പോൾ കർവാറിൽ ബിഎഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഏകദേശം പതിനെട്ട് മണിക്കൂറെടുത്താണ് പ്രദീപ് ചോക്കുകളിൽ ദേശീയഗാനം കൊത്തിയെടുത്തത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാന്‍ പ്രചോദനമായത്. ദേശീയഗാനവും, ഗാനത്തിന്‍റെ രചയിതാവായ ടാഗോറിനെയും കൊത്തിയെടുക്കാന്‍ ഏകദേശം ആറുദിവസമെടുത്തതായി പ്രദീപ് പറയുന്നു.
ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുള്ള ഓൺലൈന്‍ ക്ലാസുകളുടെ വിരസത ഒഴിവാക്കാനാണ് ഈ വിനോദത്തിൽ ഏർപ്പെട്ടത്. രണ്ട് ലോക റെക്കോർഡുകളിലും (ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്) ഇടം ലഭിച്ചതിൽ താന്‍ വളരെ ഏറെ സന്തോഷവാനാണെന്നും യുവാവ് പറഞ്ഞു. അച്ഛൻ മഞ്ജുനാഥിന്‍റെയും അമ്മ ചന്ദ്രകലയുടെയും നിരന്തരമായ പിന്തുണ ഈ നേട്ടത്തിന് സഹായിച്ചതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.