ബെംഗളുരു: സംസ്ഥാനത്തിന് കൂടുതൽ കൊവിഡ് വാക്‌സിനുകളുടെ ആവശ്യകതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ. കേന്ദ്ര ആരോഗ്യമന്ത്രിയും 11 ആരോഗ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ നിയന്ത്രിക്കാനായി സംസ്ഥാനത്തിന് കൂടുതൽ വാക്‌സിനുകൾ വേണമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി പരിശോധന വർധിപ്പിച്ചെന്നും സംസ്ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യതയുടെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ തിയേറ്ററുകൾ, അന്തർ സംസ്ഥാന സർവീസുകൾ, യോഗങ്ങൾ, പൊതു സമ്മേളനങ്ങൾ അടക്കമുള്ളവക്ക് രാജ്യത്തുടനീളം ഒരേ രീതിയിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെ കൊവിഡ് പരിശോധനകളാണ് ദിനം പ്രതി സംസ്ഥാനത്ത് നടക്കുന്നത്. ഏപ്രിൽ അഞ്ച് വരെ 2,19,87,431 കൊവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തിയെന്നും കൊവിഡ് മരണ നിരക്ക് 1.25 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്‌ക്കുകൾ നിർബന്ധമാക്കിയെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം 250 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.