ബെംഗളൂരു : നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും കര്‍ണാടകയില്‍ എംഎൽഎമാരുടെയും നേതാക്കൻമാരുടെയും കൂടുമാറ്റം സജീവമായി തുടരുകയാണ്. മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ബിജെപിയിൽ നിന്ന് രാജിവച്ചവർ കോൺഗ്രസിലേക്ക് ചേക്കേറുന്നത്. ഏറ്റവും അവസാനമായി കർണാടക ടൂറിസം മന്ത്രി ആനന്ദ് സിങ്ങിന്‍റെ സഹോദരി ബിഎൽ റാണി സംയുക്തയാണ് ബിജെപി അംഗത്വം രാജിവച്ച് കോൺഗ്രസിനൊപ്പം ചേർന്നത്. ഇന്നലെ പ്രമുഖ കോൺഗ്രസ് നേതാവ് ജയറാം രമേശിന്‍റെ സാന്നിധ്യത്തിൽ കെപിസിസി ഓഫിസിൽ നടന്ന ചടങ്ങിലാണ് സംയുക്തയുടെ കോൺഗ്രസ് പ്രവേശനം.
തന്‍റെ സഹോദരൻ ആനന്ദ് സിങ്ങിന് പകരം വിജയനഗർ നിയമസഭ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് അനുവദിക്കണമെന്ന് സംയുക്ത ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആനന്ദ് സിങ്ങിന്‍റെ മകൻ സിദ്ധാർഥ് സിങ്ങിനെയാണ് ബിജെപി നേതൃത്വം വിജയനഗർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം രാജിവച്ച് കോൺഗ്രസിൽ ചേർന്നത്.
'ബിജെപി നേതാവ് ബിഎൽ റാണി സംയുക്ത ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. സംയുക്തയ്ക്ക് ഹൃദ്യമായ സ്വാഗതം. ഇതിനോടകം നിരവധി മുതിർന്ന ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മെയ് 10ന് കർണാടകയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യും. വിലക്കയറ്റവും അഴിമതിയും വിദ്വേഷ രാഷ്ട്രീയവും ഇല്ലാതാക്കാൻ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കും' - എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'ഇന്ന് ഞാൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ കുറേ നാളുകളായി ഞാൻ കോൺഗ്രസ് പാർട്ടിയെ നിരീക്ഷിക്കുന്നു. ആരും ആ പാർട്ടിയെ ഉപേക്ഷിച്ചിട്ടില്ല, എന്നാൽ ബിജെപിയിലെ സാഹചര്യം വ്യത്യസ്‌തമാണ്. പല നേതാക്കളും ആ പാർട്ടി വിട്ടു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ദിവസങ്ങള്‍ക്ക് മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. വരും ദിവസങ്ങളിൽ നിരവധി പേർ ബിജെപി വിട്ട് കോൺഗ്രസിൽ ചേരും' - കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ റാണി സംയുക്ത വ്യക്തമാക്കി.
ALSO READ : ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ജഗദീഷ് ഷെട്ടാര്‍ ; കർണാടക മുൻ മുഖ്യമന്ത്രി കോൺഗ്രസിൽ
തെരഞ്ഞെടുപ്പിൽ ടിക്കറ്റ് മുഖ്യം : ബിജെപി നേതാവായിരുന്ന ഷെട്ടാർ കഴിഞ്ഞ 17ന് ബെംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. ഷെട്ടാര്‍ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നുമുണ്ട്. ഇതേ മണ്ഡലത്തില്‍ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് ഷെട്ടാർ പാര്‍ട്ടി വിട്ടത്. കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സവാദിയും ബിജെപിയിൽ നിന്ന് രാജിവച്ചത്.
More Read : കർണാടകയിൽ ബിജെപിക്ക് തിരിച്ചടി: മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി കോൺഗ്രസ് അംഗത്വം സ്വീകരിക്കും
സംസ്ഥാന മുന്‍ മന്ത്രിയും ആറ് തവണ പാർട്ടി എംഎൽഎയുമായ അംഗാര എസ്, മുൻ എംഎൽഎ ദൊഡ്ഡപ്പഗൗഡ പാട്ടീൽ നരിബോള, മുഡിഗെരെയിലെ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമി എന്നിവരും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഇവരും പാര്‍ട്ടി വിട്ടത്.