മംഗളൂരു (കർണാടക) : 25 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി ശൈലേഷ് കുമാറിന്‍റെ ജീവിതം മാറിമറിഞ്ഞത് ദിവസങ്ങൾ കൊണ്ടാണ്. ഒരു ഫേസ് ബുക്ക് അക്കൗണ്ട് കാരണം 2019 മുതൽ സൗദി ജയിലിൽ തടവിലാണ് ഇദ്ദേഹം. ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ സൗദി രാജാവിനെക്കുറിച്ച് അപകീർത്തിപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്‌തു എന്നതാണ് കുറ്റം. എന്നാൽ തന്‍റെ പേരിൽ മറ്റാരോ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് ഇവ പോസ്റ്റ് ചെയ്‌തതെന്നാണ് ശൈലേഷിന്‍റെ വാദം.
25 വർഷമായി സൗദിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്‌ത് വരികയാണ് ശൈലേഷ്. 2019ൽ ശൈലേഷ് കുമാർ പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് തന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ശൈലേഷിന്‍റെ പേരും വിവരങ്ങളും ഉപയോഗിച്ച് മറ്റാരോ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കുകയും രാജാവിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഇടുകയുമായിരുന്നു.
ഇതിന് പിന്നാലെ തന്നെ ശൈലേഷ് ഇക്കാര്യം താൻ ജോലി ചെയ്യുന്ന കമ്പനിയിൽ അറിയിക്കുകയും 2019 ഫെബ്രുവരി 20ന് സൗദിയിലെ ഒരു ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ചോദ്യം ചെയ്യാനെന്ന് അറിയിച്ച് സൗദി പൊലീസ് ശൈലേഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പിന്നീട് കോടതി ഇയാളെ ജയിലിലേക്ക് അയച്ചു.
ആറ് മാസം കഴിഞ്ഞാണ് ശൈലേഷ് ഭാര്യ കവിതയെ വിളിച്ച് അറസ്റ്റ് ചെയ്യപ്പെട്ടെന്നും ജയിലിലാണെന്നും അറിയിക്കുന്നത്. തുടർന്ന് കവിത മംഗളൂരു സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസുകാർ ഫേസ്‌ബുക്കിനെ ബന്ധപ്പെടുകയും ഉചിതമായ രേഖകൾ ആവശ്യപ്പെടുകയും ചെയ്‌തുവെങ്കിലും ഫേസ്‌ബുക്കിന്‍റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.
ഫേസ്‌ബുക്കിന് താക്കീതുമായി ഹൈക്കോടതി : ഇതിന് പിന്നാലെ കവിത നീതി തേടി കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫേസ്‌ബുക്കിന്‍റെ നിരുത്തരവാദപരമായ നടപടിയെ കർണാടക ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഫേസ്‌ബുക്കിനെ ഇന്ത്യയിൽ നിരോധിക്കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട് പൂർണമായ റിപ്പോർട്ട് ഒരാഴ്‌ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം എന്നും ജൂണ്‍ 15ന് ഉത്തരവിട്ടിരുന്നു.
അതേസമയം ശൈലേഷിനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തങ്ങളെ സഹായിക്കണമെന്ന് കവിത ആവശ്യപ്പെട്ടു. അറസ്റ്റിലായി മാസങ്ങൾക്ക് ശേഷം സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും എംബസി ഉദ്യോഗസ്ഥർ വേണ്ടത്ര താൽപര്യം കാട്ടിയില്ല. ശൈലേഷ് കുമാറിന്‍റെ മോചനത്തിനായി ഭാര്യ വർഷങ്ങളായി പല സ്ഥാപനങ്ങളും കയറിയിറങ്ങുകയാണ്.
പാർലമെന്‍റ് അംഗങ്ങളായ നളിൻ കുമാർ കട്ടീൽ, സദാനന്ദ ഗൗഡ, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, എസ് ജയ്‌ശങ്കർ തുടങ്ങി ഒട്ടേറെ നേതാക്കളെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കവിത പറഞ്ഞു. അതേസമയം കർണാടക ഹൈക്കോടതി കേസ് ജൂണ്‍ 22ന് വീണ്ടും പരിഗണിക്കും.