ബെംഗളൂരു : കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കുന്ന ഹിജാബ് വിലക്കിനെതിരെയുള്ള ഹര്‍ജികളില്‍ ഇന്നും ശക്തമായ വാദം. ഈ കേസില്‍ വാദം നടക്കുന്ന നാലാമത്തെ ദിവസമാണിന്ന്. മുതിർന്ന അഭിഭാഷകനായ പ്രൊഫസർ രവിവർമ കുമാറാണ് ഹര്‍ജിക്കാർക്കായി വാദിച്ചത്.
'മതചിഹ്‌നങ്ങള്‍ നൂറുകണക്കിന്, ഹിജാബിന് മാത്രം വിലക്കെന്തിന്'
യൂണിഫോം മാറുന്നതിന് വിദ്യാഭ്യാസ സ്ഥാപനം രക്ഷിതാക്കൾക്ക് ഒരു വർഷത്തെ മുൻകൂർ അറിയിപ്പ് നൽകണം. പി.യു കോളജുകളിലെ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല. എന്നാൽ ചില കോളജ് മാനേജ്‌മെന്‍റ് കമ്മിറ്റികൾ യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
വിവിധ മതങ്ങളിൽ പെട്ട വിദ്യാർഥികൾ തങ്ങളുടെ മതചിഹ്നങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ധരിക്കുന്നതെങ്ങനെയാണ്. നൂറുകണക്കിന് ചിഹ്നങ്ങൾ ഉള്ളപ്പോൾ സർക്കാർ എന്തിനാണ് ഹിജാബിനെതിരായി നിലപാടെടുക്കുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു.
'ക്ലാസ് മുറിയില്‍ വൈവിധ്യം നിലനിർത്തണം'
പൊട്ടോ വളയോ ധരിച്ച പെൺകുട്ടികളെ ക്ലാസ് മുറിക്ക് പുറത്തേക്ക് അയയ്ക്കുന്നില്ലല്ലോ. ഹിജാബ് ധരിച്ച പെൺകുട്ടികളെ അവരുടെ 'മതം' കാരണം പുറത്താക്കുന്നു. കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് വിലക്ക് ഉത്തരവ് നടപടി വിദ്വേഷകരമായ വിവേചനമാണ്.
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഒരു കാര്യത്തെ മാത്രം പ്രോത്സാഹിപ്പിക്കലല്ല, മറിച്ച് വൈവിധ്യമാർന്നതാവണം വിദ്യാഭ്യാസം. 'റോസമ്മ എ.വി വേഴ്‌സസ് ദി യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് കേസിലെ വിധി ഉദ്ധരിച്ച് കുമാർ പറഞ്ഞു.
സമൂഹത്തിലെ വൈവിധ്യത്തെ തിരിച്ചറിയുന്നതിനും പ്രതിഫലിപ്പിക്കുന്നതിനുമുള്ള ഇടമായിരിക്കണം ക്ലാസ് മുറികൾ. ക്ലാസ് മുറിയില്‍ വൈവിധ്യം നിലനിർത്തണം. ഇതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ മുദ്രാവാക്യം. 'സൊസൈറ്റി ഓഫ് അൺ എയ്‌ഡഡ് സ്‌കൂൾ കേസി'ല്‍ സുപ്രീം കോടതിയ്‌ക്ക് മുന്‍പാകെ കേന്ദ്ര സര്‍ക്കാര്‍ 2012 ല്‍ പ്രസ്‌താവിച്ചതും അഭിഭാഷകനായ രവിവർമ കുമാർ ചൂണ്ടിക്കാട്ടി
ALSO READ: 'എന്‍റെ ആരാധ്യപുരുഷൻ ഗോഡ്‌സെ'; ഗുജറാത്തിലെ പ്രസംഗ മത്സരം വിവാദത്തില്‍