ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ വിവാദം ഉടലെടുത്തത് മുതല്‍ കോടതിയുടെ അന്തിമ വിധി വന്നത് വരെയുള്ള നാള്‍വഴികള്‍
- കര്‍ണാടകയിലെ പി.യു കോളജിലാണ്(പ്രീയൂണിവേഴ്സിറ്റി കോളജ്) ഹിജാബ് വിവാദം ആരംഭിക്കുന്നത്. 2021 ഡിസംബര്‍ 31ന് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ തങ്ങളെ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ ക്ലാസില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് വാര്‍ത്തസമ്മേളനത്തില്‍ അറിയിക്കുന്നതോടെയാണ് വിവാദത്തിന്‍റെ തുടക്കം. തങ്ങള്‍ കോളജില്‍ ചേര്‍ന്നതുമുതല്‍ ഹിജാബ് ധരിക്കാറുണ്ടായിരുന്നെന്നും പൊടുന്നനെയാണ് ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. എന്നാല്‍ ഉഡുപ്പിയിലെ പി.യു കോളജ് അധികൃതര്‍ പറഞ്ഞത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ക്ലാസില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ടെന്നും പെണ്‍കുട്ടികളാണ് ഈ നിരോധനം ലംഘിക്കാന്‍ ശ്രമിച്ചതെന്നുമാണ്. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം കോളജിന് പുറത്ത് പ്രതിഷേധം ആരംഭിച്ചു.
- ദിവസങ്ങള്‍ക്കുള്ളില്‍ ഉഡുപ്പിയിലെ മറ്റ് കോളജുകളും ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് വിവാദം കൂടുതല്‍ സംഘര്‍ഷഭരിതമായി മാറുകയായിരുന്നു. ചില സംഘപരിവാര്‍ സംഘടനകളുടെ പ്രേരണയാല്‍ ഈ കോളജുകളിലെ ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ച് കോളജുകളില്‍ വരാന്‍ ആരംഭിച്ചു. ഹിജാബ് ധരിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെങ്കില്‍ കാവി ഷാള്‍ ധരിച്ച് കോളജില്‍ വരാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. വിഷയം പെട്ടെന്ന് ദേശീയ തലത്തില്‍ വ്യാപിച്ചു. സംഘര്‍ഷം കാരണം ചില കോളജുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായി.
- സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന വിധത്തിലുള്ള മതപരമായ വേഷമോ ചിഹ്നമോ ധരിച്ച് വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ പ്രവേശിക്കരുതെന്ന് ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ ഉത്തരവാണ് വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഏതാനും വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചത്. കര്‍ണാടകയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. രണ്ടാഴ്ചയോളം കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിലേക്ക് ഈ അക്രമ സംഭവങ്ങള്‍ വഴിവച്ചു. ഫെബ്രവരി ഒമ്പതിന് ബംഗളൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍പരിധിയില്‍ യാതൊരുവിധത്തിലുള്ള പ്രതിഷേധങ്ങളും ഫെബ്രവരി 22 വരെ പൊലീസ് നിരോധിച്ചു.
- ഫെബ്രവരി 8ന് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷിത് ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹര്‍ജികളില്‍ വാദം കേട്ടുതുടങ്ങി. ഹര്‍ജികളില്‍ നിന്ന് ഉരുത്തിരിയുന്ന ചോദ്യങ്ങളുടെ ഭരണഘടനപരമായ പ്രാധാന്യം കണക്കിലെടുത്ത് ജസ്റ്റീസ് കൃഷ്ണ ദീക്ഷിത് ഹര്‍ജികള്‍ വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. അതേസമയം ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഹര്‍ജിക്കാര്‍ക്ക് ഇടക്കാല ആശ്വാസം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. കര്‍ണാടകയിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ഫെബ്രുവരി ഒമ്പതിന് ഹിജാബ് വിഷയത്തിലെ ഹര്‍ജികള്‍ കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് സ്ഥാപിച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋതു രാജ് അശ്വതിക്ക് പുറമെ ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുനിസ എം ഖാസി എന്നിവരാണ് അംഗങ്ങള്‍. ഫെബ്രുവരി 10 ഉച്ചയ്ക്ക് 2.30നാണ് ബെഞ്ച് വാദം കേട്ടുതുടങ്ങിയത്. പിന്നീട് രണ്ടാഴ്ച വാദം തുടര്‍ന്നു
- ഫെബ്രവരി 10ന് ഇടക്കാല ആശ്വാസം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വിശാല ബെഞ്ചും തള്ളി. എന്നാല്‍ അന്തിമ വിധി വരുന്നതുവരെ ഹിജാബോ, കാവി ഷാളോ, ശിരോവസ്ത്രമോ അണിഞ്ഞ് വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കുന്നതിനും ബെഞ്ച് സര്‍ക്കാരിന് ഉത്തരവ് നല്‍കി. രണ്ട് വര്‍ഷംമുമ്പ് കോളജില്‍ ചേര്‍ന്നതുമുതല്‍ തന്‍റെ കക്ഷികള്‍ കോളജില്‍ പ്രവേശിക്കുന്നത് ഹിജാബ് ധരിച്ചാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചിരുന്നു. കര്‍ണാടകയില്‍ കോളജുകള്‍ തുറന്നെങ്കിലും ഹിജാബ് നിരോധനത്തിനെതിരെ പല കോളജുകളിലും പ്രതിഷേധം തുടരുകയാണ് ഉണ്ടായത്.
- ഹിജാബിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമ കര്‍ണാടക നിയമസഭയില്‍ ഹിജാബ് ധരിച്ചെത്തി
- ഹിജാബ് വിഷയത്തില്‍ ഹര്‍ജിനല്‍കിയ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ബിജെപി പ്രസിദ്ധപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തി. പെണ്‍കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മതപരമായ നിയമങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുറത്ത് ഉപേക്ഷിച്ച് വേണം പ്രവേശിക്കാനെന്ന അംബേദ്ക്കറുടെ വാചകം കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദത്തിനിടയില്‍ ക്വാട്ട് ചെയ്യുന്നു
- ഫെബ്രവരി 18ന് തുമക്കരു കോളജ് ഇംഗ്ലീഷ് ലക്ച്ചറായ ചാന്ദിനി ഒരു മതപരമായ ചിഹ്‌ന്നങ്ങളും അണിഞ്ഞ് ക്ലാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയെ തുടര്‍ന്ന് രാജിവച്ചു. ഫെബ്രവരി 25നാണ് കര്‍ണാടക ഹൈക്കോടതി വിധി പറയാനായി മാറ്റയിത്
- 2022 മാര്‍ച്ച് 15ന് ഹിജാബ് വിലക്ക് ശരി വച്ച് ഹൈക്കോടതി വിധി വന്നു. ഹിജാബ് ഇസ്‌ലാമിന്‍റെ അനിവാര്യമായ മത ചിഹ്നമല്ലെന്നും യൂണിഫോം അനുസരിക്കണമെന്നും കോടതി വിധിച്ചു.
ALSO READ: 'ഹിജാബ് നിര്‍ബന്ധമല്ല'; വിലക്ക് ശരി വച്ച് കര്‍ണാടക ഹൈക്കോടതി