ബെംഗളൂരു : ഹിജാബ് ധരിച്ചെത്തുകയും പ്രവേശനം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌തതിന് ഷിമോഗ ജില്ലയില്‍ സര്‍ക്കാര്‍ കോളജിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു. ഷിരാലക്കൊപ്പ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിനികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി.
ഹിജാബ് ധരിച്ച വിദ്യാർഥികളോട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിശദീകരിക്കാൻ കോളജ് മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് കമ്മിറ്റി ശ്രമിച്ചെങ്കിലും, ഹിജാബ് നീക്കാന്‍ അവര്‍ വിസമ്മതിച്ചെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ഇതോടെയാണ് ഇവര്‍ക്കെതിരെ താത്കാലിക സസ്പെൻഷന്‍ സ്വീകരിച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
നടപടിയില്‍ രോഷാകുലരായ വിദ്യാർഥികൾ കോളജ് അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
also read: 'രാഷ്ട്രീയ സ്ഥിരതയില്ലാത്ത ഗവർണറുടെ ഉപദേശം ആവശ്യമില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വി.ഡി സതീശൻ
അതേസമയം ഹിജാബ് വിഷയത്തില്‍ തുങ്കൂര്‍ ജില്ലയിലെ എംപ്രസ് കോളജിലെ 20 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എംപ്രസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടത്.
ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ ബെലഗാവി, യാദ്ഗിർ, ബെല്ലാരി, ചിത്രദുർഗം, ഷിമോഗ ജില്ലകളിലെ സ്‌കൂളുകളില്‍ സംഘർഷാവസ്ഥ നിലനിന്നിരുന്നു.