ബെംഗളൂരു : ഹിജാബ് - കാവി ഷാള്‍ വിവാദം കയ്യാങ്കളിയിലേക്ക് വരെയെത്തിയ സാഹചര്യത്തിൽ വിദ്യാർഥികളോടും ജനങ്ങളോടും സമാധാനപരമായ അന്തരീക്ഷം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ ചില വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിർദേശം. വിഷയത്തിൽ ഹർജി പരിഗണിക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി.
വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ കോടതി അഭ്യർഥിക്കുന്നു. പൊതുജനങ്ങളുടെ വിവേകത്തിലും ധാർമികതയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ട്. അത് പ്രായോഗികമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ സിംഗിൾ ബഞ്ച് പറഞ്ഞു.
ഇസ്ലാമിക വിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നതുൾപ്പെടെയുള്ള മതപരമായ ആചാരങ്ങൾ കോളേജ് പരിസരത്ത് ആചരിക്കാൻ തങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ട ജസ്റ്റിസ് ദീക്ഷിത്, ചില ദുഷ്‌കർമികൾ മാത്രമാണ് ഈ വിവാദം രൂക്ഷമാക്കുന്നതെന്നും കുറ്റപ്പെടുത്തി. മതത്തിന്‍റെ പേരിൽ വിദ്യാർഥികൾ തമ്മിൽ നടത്തുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും മുദ്രാവാക്യം വിളികളും നല്ലതല്ലെന്നും ജസ്റ്റിസ് ദീക്ഷിത് ചൂണ്ടിക്കാട്ടി.
READ MORE: കർണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ ആക്രോശിച്ച് കാവി ഷാള്‍ ധാരികള്‍
നേരത്തെ കർണാടകയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായിരുന്നു. വിഷയത്തിൽ സമാധാനം പാലിക്കണമെന്ന് അഭ്യർഥിച്ച സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര, വിദ്യാർഥികൾക്കിടയിൽ പൊലീസ് സേനയെ ഉപയോഗിക്കാൻ ആരും അവസരം നൽകരുതെന്നും താക്കീത് നൽകിയിരുന്നു. ഉഡുപ്പിക്ക് പുറമേ ശിവമോഗ, ബാഗൽകോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം ഇന്ന് ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ കോളജിൽ ഹിജാബ് വിഷയത്തിൽ നീതി ആവശ്യപ്പെട്ട് ഒരു കൂട്ടം മുസ്ലിം വിദ്യാർഥികൾ സമരം നടത്തവേ കാവിഷാൾ ധാരികളായ ഒരു സംഘം വിദ്യാർഥികൾ ക്യാമ്പസിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കൂടാതെ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ചില കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗൽകോട്ടിലെ ഒരു കോളജിന് സമീപം കല്ലേറ് സംഭവം റിപ്പോർട്ട് ചെയ്‌തതായും പൊലീസ് പറയുന്നു. ശിവമോഗ ജില്ലയിലെ ഒരു കോളജിലും പ്രതിഷേധം തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.