ബെംഗളുരു: വിവാഹ ബന്ധം ഒരു വ്യക്‌തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഇല്ലാതാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിന്‍റെ ആധാര്‍ വിവരങ്ങള്‍ തേടി ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ് (Karnataka High Court Ruling On Marriage And Right To Privacy). 2016 ലെ ആധാർ നിയമപ്രകാരം ഒരു വ്യക്‌തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ വിവാഹം ഇല്ലാതാക്കുന്നില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ്.
ഭർത്താവിന്‍റെ ആധാർ വിവരങ്ങൾ തേടിയ സ്ത്രീക്ക് ആധാർ വിവരങ്ങൾ ലഭ്യമാക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്‌ത് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI), സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എസ് സുനിൽ ദത്ത് യാദവ്, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
വിവാഹ ബന്ധം, ഇത് രണ്ട് പങ്കാളികളുടെ കൂട്ടായ്‌മയാണ്, ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തെ മറികടക്കുന്നില്ല. ഒരു വ്യക്തിയുടെ അവകാശമായ ഇത് ആധാർ നിയമത്തിന്‍റെ 33-ാം വകുപ്പ് (Section 33 of the Aadhaar Act) പ്രകാരം അംഗീകരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതുമാണ്. വിവാഹം കഴിക്കുന്നത് ആധാർ നിയമത്തിലെ സെക്ഷൻ 33-ാം വകുപ്പ് പ്രകാരമുള്ള അവകാശം എടുത്തുകളയുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിനോട് നിർദേശിച്ചത്. കൂടാതെ ഭർത്താവിനെ കക്ഷിചേര്‍ക്കാനും കോടതി നിർദ്ദേശിച്ചു.
സെക്ഷൻ 33 (1) പ്രകാരം, വിവരങ്ങൾ വെളിപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി ജഡ്‌ജിക്ക് അധികാരമില്ല. ഇതിനുത്തരവിട്ട സിംഗിൾ ബഞ്ച് ജഡ്‌ജി ഗുരുതരമായ തെറ്റ് ചെയ്‌തതായും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
കേസ് ഇങ്ങനെ: വടക്കൻ കർണാടകയിലെ ഹുബ്ബള്ളി സ്വദേശിനിയായ യുവതി ആധാർ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഭർത്താവിന്‍റെ ആധാർ കാർഡിലെ വിലാസത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. തനിക്ക് ജീവനാംശം നല്‍കണമെന്ന് ഭർത്താവിനോട് നിർദ്ദേശിച്ച കുടുംബ കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടിയാണ് യുവതി ഭര്‍ത്താവിന്‍റെ ആധാർ വിവരങ്ങള്‍ തേടിയത്.
എന്നാല്‍ ഈ വിവരങ്ങൾ വെളിപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ് ആവശ്യമാണെന്ന് ആധാർ ഉദ്യോഗസ്ഥൻ മറുപടി നൽകി. ഇതിനെത്തുടർന്നാണ് യുവതി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിനെ സമീപിച്ചത്. യുവതിക്ക് ഭർത്താവിന്‍റെ വിലാസം നല്‍കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (യുഐഡിഎഐ) ചോദ്യം ചെയ്‌തു. ഇതേത്തുടർന്നാണ് ഇപ്പോൾ ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് വിധി അസാധുവാക്കി ഉത്തരവിട്ടത്.
Also Read: 'മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തവും ബാധ്യതയും': കർണാടക ഹൈക്കോടതി