ബെംഗളൂരു: പെണ്‍ സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങി ഒന്നിച്ചു താമസിച്ചതിന് ആണ്‍കുട്ടിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആണ്. സ്വമേധയ ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം പോക്‌സോ കേസില്‍ പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ട് കുട്ടികളുടെയും കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പിന് ശ്രമിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 10) നിര്‍ദേശിച്ചു. 2021 ഡിസംബറിലാണ് പെണ്‍സുഹൃത്തിന്‍റെ വീട്ടുകാര്‍ ആണ്‍കുട്ടിക്കെതിരായ പരാതി നല്‍കിയത്. സഹപാഠികളായിരുന്ന കൗമാരക്കാര്‍ നാടുവിട്ട് കര്‍ണാടകയിലെ മറ്റൊരു ജില്ലയിലേക്ക് പോവുകയായിരുന്നു.
തുടര്‍ന്ന്, ഇവരെ കണ്ടെത്തുകയും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും പോക്‌സോ സെക്ഷൻ പ്രകാരവും ബലാത്സംഗത്തിന് ആൺകുട്ടിക്കെതിരെ കേസെടുത്തു. കീഴ്‌ക്കോടതിയിൽ നിലനിൽക്കുന്ന ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. "ആണ്‍കുട്ടിയെ കേസില്‍ നിന്ന് മോചിപ്പിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. മറിച്ചെങ്കില്‍, വിദ്യാർഥിയുടെ ഭാവി വലിയ അപകടത്തിലാകും. കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാണ്. അവര്‍ക്ക് പോക്‌സോ കേസിനെക്കുറിച്ച് ധാരണയില്ല''. - കോടതി പറഞ്ഞു.
''മനുഷ്യരുടെ ജൈവികമായ ആഗ്രഹങ്ങളുടെ പുറത്ത് സ്വാഭാവികമായി സംഭവിച്ചതാണ് കുട്ടികള്‍ തമ്മിലെ ലൈംഗിക ബന്ധം. അത് പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമമായി കാണാനാവില്ല. പോക്‌സോ സെക്ഷൻ അഞ്ച് പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ സാഹചര്യമാണ് ഈ കേസിനുള്ളത്''. - കോടതി ഉത്തരവില്‍ വിശദമാക്കി.