ബെംഗളൂരു : ഭാരത് ജോഡോ യാത്രയ്ക്കിടെ കെജിഎഫ് 2വിലെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് കര്‍ണാടക ഹൈക്കോടതി. പകര്‍പ്പവകാശം നിസാരമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം നാഗപ്രസന്നയാണ് കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഹര്‍ജിക്കാരന്‍റെ സമ്മതമില്ലാതെയാണ് ഗാനം ഉപയോഗിച്ചതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. അതേസമയം കേസ് തീര്‍പ്പാകുന്നത് വരെ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കുള്ള ഇടക്കാല സംരക്ഷണം തുടരുമെന്നും കോടതി അറിയിച്ചു.
വിനയായി മ്യൂസിക്ക് : ഇക്കഴിഞ്ഞ നവംബറിലാണ് ജോഡോ യാത്രയില്‍ കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള സുപ്രിയ ശ്രീനേറ്റ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി എന്ന മ്യൂസിക്ക് കമ്പനിയുടെ പങ്കാളികളിലൊരാളായ നവീന്‍ കുമാറാണ് പരാതിയുമായെത്തിയത്.
എംആര്‍ടി കമ്പനിക്കാണ് സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം. ചിത്രത്തിലെ ഗാനങ്ങളുടെ പകര്‍പ്പവകാശത്തിനായി കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് പറഞ്ഞ കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സിനിമയിലെ ഗാനം നിയമ വിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്‌ത് ജോഡോ യാത്രയുടെ ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയുടെ പാട്ടാണെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.
മാത്രമല്ല ഗാനം ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളിലെല്ലാം ജോഡോ യാത്രയുടെ ലോഗോയാണ് ഉണ്ടായിരുന്നതെന്നും സോഷ്യല്‍ മീഡിയകളിലെല്ലാം അത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടി. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് നിയമത്തെ അവഹേളിക്കുകയും വ്യക്തികളുടെ അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യുകയുമാണുണ്ടായതെന്നും ഇത് സമൂഹത്തിന് നാണക്കേടാണെന്നും കമ്പനി ആരോപിച്ചു.
നേതാക്കള്‍ക്കെതിരെ കേസ് : സംഭവത്തിന് പിന്നാലെ എംആര്‍ടി കമ്പനിയുടെ പരാതിയില്‍ മൂന്ന് നേതാക്കള്‍ക്കുമെതിരെ സെക്ഷന്‍ 403, 465, 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഐപിസി സെക്ഷന്‍ 34. കൂടാതെ 1957ലെ പകര്‍പ്പവകാശ നിയമത്തിന്‍റെ 63ാം വകുപ്പ്, 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ടിന്‍റെ സെക്ഷന്‍ 66ാം വകുപ്പ് എന്നിവ പ്രകാരവുമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. എംആര്‍ടി മ്യൂസിക്കിന്‍റെ പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ യശ്വന്ത്പൂര്‍ പൊലീസാണ് നടപടി സ്വീകരിച്ചത്.
ഇന്ത്യ ചുറ്റിയ ഭാരത് ജോഡോ : കഴിഞ്ഞ സെപ്‌റ്റംബര്‍ 7ന് തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോയ ഭാരത് ജോഡോ യാത്ര 2023 ജനുവരി 30ന് കശ്‌മീരിലാണ് സമാപിച്ചത്.