ബംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കി ഹൈക്കോടതി. പിഎം കെയർ ഫണ്ടിനും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായി ട്വീറ്റ് ചെയ്ത എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സമർപ്പിച്ച പരാതിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെയാണ് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനും ശിവമോഗ ജില്ലയിലെ സാഗര പൊലീസിനും നോട്ടീസ് നൽകിയിരിക്കുന്നത്.
അഭിഭാഷകൻ കെവി പ്രവീൺ സമർപ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, സാഗര പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച കേസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും പൊലീസിനും നിർദേശം നൽകിയിരുന്നു. പിഎസ് ദിനേശ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. 2020 മെയ് 11നാണ് ദേശീയ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ 'എൻഐസി ഇന്ത്യ'യില്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരായി സോണിയ ട്വീറ്റ് ചെയ്തത്.
കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കാൻ സോണിയ ഗാന്ധി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകൻ കെവി പ്രവീൺ കുമാർ സാഗര സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഐഎൻസി ഇന്ത്യ ട്വിറ്റർ അക്കൗണ്ടിനും അതിന്‍റെ ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി സംബന്ധിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് ഇതുവരെ പൊലീസ് സമർപ്പിച്ചിട്ടില്ലെന്ന് പരാതിക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.