ബെംഗളൂരു: കര്‍ണാടകയില്‍ 45 വയസിന് മുകളില്‍ പ്രായമായവര്‍ക്കെല്ലാം കൊവിഡ് വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തിലെത്താന്‍ സര്‍ക്കാരിനായില്ലെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. നിലവിലെ സാഹചര്യത്തില്‍ മെയ് ഒന്ന് മുതല്‍ തുടങ്ങാനിരിക്കുന്ന മൂന്നാം ഘട്ട വാക്സിനേഷന്‍ വൈകാനാണ് സാധ്യത. വാക്സിന്‍ ലഭ്യത പരിഗണിച്ച് 18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്സിന്‍ നല്‍കുന്ന നടപടികള്‍ മെയ് പകുതിയോടെ മാത്രമെ ആരംഭിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ വലിയ രീതിയിലുള്ള വാക്സിന്‍ ക്ഷാമം അനുഭവിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ വിതരണം നടത്തണമെങ്കില്‍ കുറഞ്ഞത് 2,000 കോടിയെങ്കിലും കര്‍ണാടക ചെലവഴിക്കേണ്ടി വരും. നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.
കൂടുതല്‍ വായനയ്ക്ക്: കര്‍ണാടകയില്‍ 18ഉം 44ഉം വയസിന് ഇടയിലുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 35,000വും പിന്നിട്ട കര്‍ണാടകയില്‍ രണ്ട് ആഴ്ചത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ 10 വരെയുള്ള നാല് മണിക്കൂര്‍ നേരത്ത് മാത്രമാണ് അവശ്യ സര്‍വീസുകള്‍ക്ക് അനുമതിയുള്ളത്. നിര്‍മാണ,വ്യാവസായിക, കാര്‍ഷിക മേഖലകള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളത്.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് അതിവ്യാപനം : കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യൂ