ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിൽ മൂന്ന് മുഖ്യമന്ത്രിമാർക്ക് മാത്രമാണ് അഞ്ച് വർഷമെന്ന മുഴുവൻ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത്.
എസ് നിജലിംഗപ്പ (1962-68), ഡി ദേവരാജ് ഉർസ് (1972-77), സിദ്ധരാമയ്യ (2013-2018) എന്നിവരാണ് കാലാവധി പൂർത്തീകരിച്ച മുഖ്യമന്ത്രിമാർ. മൂന്ന് പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള ഒരു മുഖ്യമന്ത്രിക്കും സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അധികാരം നഷ്ടപ്പെട്ടവരിൽ ഏറ്റവും പ്രശസ്‌തമായ പേരുകളിൽ ഒന്നാണ് വീരേന്ദ്ര പാട്ടീലിന്‍റേത്. 1989ൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ നിർബന്ധിപ്പിച്ച് രാജിവയ്‌പ്പിച്ചു.
വീരേന്ദ്ര പാട്ടീലിന് ശേഷം എസ്. ബംഗാരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും അഴിമതി ആരോപണത്തിൽ പിന്നാലെ സ്ഥാനത്തു നിന്ന് പുറത്താക്കി. ഇതിനു ശേഷം വീരപ്പ മൊയ്‌ലി അധികാരത്തിൽ വന്നെങ്കിലും രണ്ട് വർഷം തികയ്‌ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയതുമില്ല.
ദേവഗൗഡ ദേശീയ രാഷ്ട്രീയത്തിലേക്ക്
ജനത പരിവറിന് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ എച്ച്.ഡി ദേവേഗൗഡ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി ഒന്നര വർഷം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചു. പിന്നാലെ എച്ച്.ഡി ദേവഗൗഡ അധികാരം ജെ.എച്ച് പട്ടേലിന് കൈമാറി. ജെ.എച്ച് പട്ടേൽ കർണാടക മുഖ്യമന്ത്രിയായി മൂന്നുവർഷം ഭരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുകയും അധികാരം നഷ്ടപ്പെടുകയും ചെയ്തു. 1999 ൽ എസ്.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു.
കോണ്‍ഗ്രസിനും പാളി
2004 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ അധികാരത്തിൽ വന്നു. ധരം സിങ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ഒന്നരവർഷത്തോളം സംസ്ഥാനത്തെ നയിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ സർക്കാർ താഴെ വീണു. 2006 ൽ ബിജെപി-ജെഡിഎസ് സഖ്യ സർക്കാർ അധികാരത്തിൽ വന്നു, എച്ച്.ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരില്‍ കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദത്തിന് രണ്ട് വർഷത്തില്‍ താഴെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. 2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർ വരെ അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നു. ബിജെപിയുമായുള്ള തർക്കമായിരുന്നു കാരണം.
പിന്നാലെ ബിജെപിയുടെ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും ജെഡിഎസ് പിന്തുണ പിൻവലിച്ചത് മുന്നണിയുടെ ഭൂരിപക്ഷം നഷ്‌ടപെടാൻ കാരണമായി. ഏഴ് ദിവസത്തിന് ശേഷം സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.
വീണ്ടും യെദ്യൂരപ്പ
2008 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി മികച്ച വിജയം സ്വന്തമാക്കി. യെദ്യൂരപ്പ രണ്ടാം തവണ മുഖ്യമന്ത്രിയെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് 2011 ജൂലൈയിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. തുടർന്ന് ഡി.വി സദാനന്ദഗൗഡ മുഖ്യമന്ത്രിയായെങ്കിലും അദ്ദേഹവും ഉടൻ രാജിവച്ചു. ജഗദീഷ് ഷെട്ടാർ ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി. ആ വർഷം അവസാനിക്കുന്നതിനു മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തി.
കരുത്ത് കാട്ടി സിദ്ധരാമയ്യ
പിന്നീട് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ 5 വർഷം പൂർത്തിയാക്കി. 2018ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഉയർന്നുവന്നപ്പോൾ ബി.എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാല്‍ ആറാം ദിവസം അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
വീണ്ടും ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിൽ വന്നു, എച്ച്ഡി കുമാരസ്വാമി വീണ്ടും കർണാടക മുഖ്യമന്ത്രിയായി. എന്നാൽ ഒരു വർഷം പൂർത്തിയാക്കിയ ശേഷം അധികാരം നഷ്ടപ്പെട്ടു. 2019 ൽ വീണ്ടും ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായെങ്കിലും മുഴുവൻ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ജൂലൈ 26 ന് അദ്ദേഹം രാജിവച്ചു.
also read: കർണാടകയിൽ ബസവരാജ ബൊമ്മയ് മുഖ്യമന്ത്രിയാകും