ബെംഗളൂരു: ബ്ലാക്ക് ഫംഗസ് ബാധയുടെ കാരണം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ച് ഉപമുഖ്യമന്ത്രിയും സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സിഎൻ അശ്വത് നാരായണൻ. കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി. വ്യാവസായിക ഓക്സിജന്‍റെ ഉപയോഗമാണോ ബ്ലാക്ക് ഫംഗസ് രോഗബാധക്ക് കാരണമെന്ന് കണ്ടെത്താനും അദ്ദേഹം ചികിത്സാ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് നിർദേശം നൽകി. ചികിത്സാ പ്രോട്ടോക്കോൾ കമ്മിറ്റിയുമായി നടത്തിയ യോഗത്തിലാണ് അശ്വത് ഇത്തരത്തിലൊരു തീരുമാനം അറിയിച്ചത്.
ഇന്ന് മുതൽ മൈക്രോബയോളജിസ്റ്റുകളുടെ ഒരു സംഘം ഇതിനായി പ്രവർത്തിക്കാൻ തുടങ്ങും. കഴിഞ്ഞ ആഴ്ചയിൽ 700 ഓളം ബ്ലാക്ക് ഫംഗസ് അണുബാധകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗം മറ്റ് കൊവിഡ് ബാധിത രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത് ബാധിച്ചതെന്നും അദ്ദേഹം ചോദിച്ചു. രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also…………..ബ്ലാക്ക് ഫംഗസ്: സര്‍ക്കാരിനെ അറിയിക്കാതെ ചികിത്സ ആരംഭിക്കരുതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
ആശുപത്രികളിലെ ഐസിയു തലത്തിലുള്ള കുറഞ്ഞ നിലവാരമുള്ള സിലിണ്ടറുകളോ ഗുണനിലവാരമില്ലാത്ത പൈപ്പിംഗ് സംവിധാനമോ മൂലമാകാം ബ്ലാക്ക് ഫംഗസ് ബാധയെന്ന് മണിപ്പാല്‍ ആശുപത്രി സര്‍ജനായ ഡോ സമ്പത്ത് ചന്ദ്ര പ്രസാദ് റാവു യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഓക്സിജന്‍റെ ആവശ്യകത വര്‍ധിച്ചതോടെ വ്യാവസായിക ഓക്സിജൻ വലിയ അളവിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഓക്സിജന് ഗുണനിലവാരമുണ്ടോ എന്നത് സംബന്ധിച്ചും അദ്ദേഹം യോഗത്തില്‍ ആരാഞ്ഞു.
ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ ഓക്സിജൻ വിതരണത്തിന്‍റെ ഉറവിടം, പൈപ്പിങിന്‍റെയും സിലിണ്ടറുകളുടെയും ഗുണനിലവാരം, വെന്‍റിലേറ്ററുകൾക്ക് ഉപയോഗിക്കുന്ന ജലത്തിന്‍റെ ഗുണനിലവാരം, വ്യാവസായിക ഓക്സിജന്‍റെ പ്ലാന്‍റ് തലത്തിലുള്ള ഉറവിടം എന്നിവ കണ്ടെത്താനും പരിശോധിക്കാനും ഉപമുഖ്യമന്ത്രി മൈക്രോബയോളജിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ബ്ലാക്ക് ഫംഗസ് ബാധിച്ച് കർണാടകയിൽ 9 പേർ കൂടി മരിച്ചു. ബെംഗളൂരുവിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ ഇരുപതിലധികം പേരാണ് ഇത്തരത്തിൽ മരിച്ചത്.