ബെംഗളൂരു : കര്‍ണാടകയില്‍ 14 ദിവസത്തെ കൊവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച രാത്രി 9 മണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. അവശ്യ സര്‍വീസുകള്‍ രാവിലെ ആറ് മുതല്‍ പകല്‍ പത്ത് മണി വരെയുള്ള നാല് മണിക്കൂര്‍ നേരത്തേക്ക് മാത്രം അനുവദിക്കും. 10 മണിക്ക് ശേഷം എല്ലാത്തരം കടകളും അടച്ചിടും. പൊതുഗതാഗതവും പൂര്‍ണമായി നിരോധിച്ചു. കെട്ടിട നിര്‍മാണ, വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുകയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. 2,62,162 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 30,000ത്തില്‍ അധികം പ്രതിദിന രോഗികളുമായി രാജ്യത്ത് തന്നെ ഏറ്റവുമധികം ഏകദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് കര്‍ണാടക.