ബെംഗളൂരു: എല്ലാ സർക്കാർ സേവനങ്ങളിലും 'ട്രാൻസ്ജെൻഡർ' സമൂഹത്തിന് ഒരു ശതമാനം സംവരണം നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്‌ത് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജനറൽ, എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്ന് ഒരു ശതമാനം വീതം നല്‍കാനാണ് തീരുമാനം.
സർക്കാർ ജോലികൾക്കായി അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ത്രീ/പുരുഷൻ എന്നീ വിഭാഗത്തിന് പുറമെ 'മറ്റുള്ളവ' എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ട്രാൻസ്ജെൻഡേഴ്‌സിനോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ട്രാൻസ്‌ജെൻഡർ ഉദ്യോഗാര്‍ഥികൾ ഇല്ലെങ്കിൽ, ഒരു സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് ആ ജോലി നല്‍കാം.
ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനുവേണ്ടി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗമ എന്ന സംഘടന കർണാടക ഹൈക്കോടതിയിൽ നൽകിയ പൊതുതാത്‌പര്യഹർജിയിലാണ് സർക്കാർ സംവരണ നയം അറിയിച്ചത്. കഴിഞ്ഞ വർഷം റിസർവ് പൊലീസുകാരുടെ തസ്തികയിലേക്ക് നിയമനം നടത്തിയപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് സംഗമ ഹൈക്കോടതിയിൽ ഹർജി നൽകിയത്.