ബെംഗളൂരു: ചൂതാട്ടവുമായി ബന്ധമുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ സംസ്ഥാനത്ത് നിയന്ത്രിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മായി. വിഷയത്തില്‍ തീരുമാനമെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഓൺലൈൻ ഗെയിമുകൾ കാരണം മക്കള്‍ വഴിതെറ്റുണ്ടെന്ന് നിരവധി മാതാപിതാക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള ഗെയിമുകള്‍ നിരോധിക്കുന്നതിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ പഠിക്കും. ഗെയിമുകൾ നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നതിനെക്കുറിച്ചുള്ള തീരുമാനം ഈ നിയമങ്ങൾ പരിശോധിച്ചതിന് ശേഷം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ ഗെയിമുകള്‍ നിരോധിക്കാൻ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ട് സംസ്ഥാനത്ത് നിരവധി യുവാക്കള്‍ ആത്മഹത്യ ചെയ്‌തിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനം.