ബെംഗളുരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്നലെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം തവണയാണ് 78കാരനായ യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. നിലവിൽ 16,79,740 കൊവിഡ് രോഗികളാണ് രാജ്യത്തുളളത്.