റായ്ച്ചൂർ (കര്‍ണാടക): ശമ്പള വർധനവും ബോണസും ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ കെട്ടിടത്തിന്‍റെ മുകളിലുള്ള ചിമ്മിനിയിൽ കയറിയിരുന്ന് പ്രതിഷേധിച്ച് തൊഴിലാളി. റായ്ച്ചൂരിലെ ശക്തി നഗറില്‍ പ്രവര്‍ത്തിക്കുന്ന ആർടിപിഎസ് (റായിച്ചൂർ തെർമൽ പവർ സ്‌റ്റേഷൻ) കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ സന്ന സുഗപ്പയാണ് ശമ്പള വർധന, ബോണസ് തുടങ്ങിയ ആവശ്യങ്ങൾ കമ്പനി പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് (17.10.2022) വേറിട്ട പ്രതിഷേധത്തിലേക്ക് നീങ്ങിയത്. അതേസമയം ആവശ്യങ്ങള്‍ പല തവണ അധികൃതരോട് വ്യക്തമാക്കിയെങ്കിലും പ്രതികരണങ്ങളുണ്ടാകാത്തതിനെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ എട്ടാം യൂണിറ്റിലുള്ള ചിമ്മിനിയിൽ കയറി പ്രതിഷേധിച്ചതെന്ന് സന്ന സുഗപ്പ പറഞ്ഞു.
ആവശ്യങ്ങളുന്നയിച്ചപ്പോള്‍ കരാറുകാരും ആർടിപിഎസ് ഉദ്യോഗസ്ഥരും കമ്പനി അധികൃതരും അപമര്യാദയായി പെരുമാറിയെന്നും സുഗപ്പ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ഏറെ പണിപ്പെട്ടാണ് ഇയാളെയും മറ്റ് തൊഴിലാളികളെയും രമ്യതയിലെത്തിച്ചത്. ഇതിനിടയില്‍ തൊഴിലാളികളും ആർടിപിഎസ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നറിയിച്ച തൊഴിലാളികൾ ഒടുവില്‍ ഒക്‌ടോബർ 27 ന് ഇതുസംബന്ധിച്ച് കമ്പനി യോഗം ചേരുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് ശാന്തരായത്. ഇതെത്തുടര്‍ന്ന് സുഗപ്പ ചിമ്മിനിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇയാള്‍ മുമ്പ് കേരളം ആസ്ഥാനമായുള്ള ഭവാനി ഇറക്‌ടേഴ്‌സ് കമ്പനിയുടെ കീഴിൽ കരാർ തൊഴിലാളിയായി ജോലി ചെയ്‌തിരുന്നു.