ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായാണ് ചില അഭിപ്രായ സര്‍വേകള്‍ 'വിധി പ്രഖ്യാപിച്ചത്'. ബിജെപി കൂപ്പുകുത്തുമെന്നത് സത്യമാണെങ്കിലും കാര്യങ്ങള്‍ ഇങ്ങനെയല്ല, തൂക്കുമന്ത്രിസഭ വരുമെന്നും ജെഡിഎസ് നിര്‍ണായക തീരുമാനമെടുക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ചില സര്‍വേ ഫലങ്ങളുമുണ്ട്. കിങ് മേക്കറല്ല, തനിക്ക് കിങ്ങാവണമെന്ന നിലപാടിലാണ് ജെഡിഎസ് തലവന്‍ എച്ച്‌ഡി കുമാരസ്വാമി നിലവിലുള്ളത്.
എന്നാല്‍, 2018ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് ലഭിച്ച അത്രയും സീറ്റുകൾ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നില്ല. ഇതൊന്നും പൂര്‍ണമായും കണക്കിലെടുക്കാതെ വരാനിരിക്കുന്ന തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക 'ഡീലിങ്‌സ്' നടത്താന്‍ തങ്ങള്‍ക്കാവുമെന്നാണ് ജെഡിഎസിന്‍റെ കൈവിടാത്ത പ്രതീക്ഷ.
എച്ച്‌ഡി കുമാര സ്വാമി നിലവില്‍ സിംഗപ്പൂരിലാണുള്ളത്. ഈ നീക്കങ്ങള്‍ നടത്താന്‍ സിംഗപ്പൂരാണ് ഉത്തമമെന്നാണ് അദ്ദേഹം കരുതുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2019ൽ ജെഡിഎസിന്‍റേയും കോൺഗ്രസിന്‍റേയും സഖ്യസർക്കാർ നിലവിലിരിക്കെയാണ് പണം വാരിയെറിഞ്ഞ് ബിജെപി ഭരണം പിടിച്ചെടുത്തത്. അതിനാൽ ഇത്തവണ കരുതലോടെ നടപടിയെടുക്കാനാണ് ജെഡിഎസ് നേതാക്കളുടെ തീരുമാനം.